തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ( കെ.സി.എൽ ) രണ്ടാം പതിപ്പിന്റെ ഭാഗമായി തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ടീമുകളുടെ ഔദ്യോഗിക ലോഞ്ച് നവ്യാനുഭവമായി. പൊതുജനങ്ങൾ നിർദ്ദേശിച്ചവയിൽ നിന്ന് ഭാഗ്യചിഹ്നങ്ങളുടെ പേര് പ്രഖ്യാപനമായിരുന്നു മുഖ്യ ആകർഷണം.
ബാറ്റേന്തിയ കൊമ്പൻ ഇനി ‘വീരു’ എന്നും, മലമുഴക്കി വേഴാമ്പൽ ‘ ചാരു’ എന്നും, അറിയപ്പെടും. പ്രൗഢ ഗംഭീര ചടങ്ങിൽ കാണികളുടെയും തേർഡ് അമ്പയറിൻ്റെയും പ്രതീകമായ ചാക്യാരാണ് പേര് പ്രഖ്യാപിച്ചത്.

വേഴാമ്പലിനായി ചാരു, മിന്നു, ചിക്കു എന്നീ പേരുകളും കൊമ്പനുവേണ്ടി വീരു, അച്ചു, ചിന്നൻ എന്നീ പേരുകളുമാണ് ഏറ്റവുമധികം പേർ നിർദേശിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പോൾ ലഭിച്ച പേരുകളാണ് ഭാഗ്യചിഹ്നങ്ങൾക്ക് നൽകിയത്.ലീഗിലെ ടീമുകളുടെ കരുത്തും മത്സരവീര്യവും പ്രതിനിധീകരിക്കുന്നതാണ് വീരു. കെ.സി.എല്ലിന്റെ ആവേശം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളിലേക്ക് എത്തുമെന്ന സന്ദേശമാണ് വേഴാമ്പൽ ചാരു നൽകുന്നത്. കളിക്കളത്തിലെ നീക്കങ്ങളെ നർമ്മത്തോടെ കാണുന്ന കാണിയുടെ പ്രതീകമാണ് ചാക്യാർ.
ചടങ്ങിൽ കെസിഎൽ ഗവേണിംഗ് ചെയർമാൻ നാസർ മച്ചാൻ, കെ.സി.എൽ ട്രോഫിയോടൊപ്പം ആറ് ടീമുകളുടെയും നായകന്മാരെ പരിചയപ്പെടുത്തി. ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാർ, കെസിഎ സി.ഇ.ഒ മിനു ചിദംബരം, മുൻ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായർ, മറ്റു ഭാരവാഹികൾ, കെസിഎ മെമ്പേഴ്സ്, ടീം ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിധു പ്രതാപും അപർണ ബാലമുരളിയും ചേർന്നൊരുക്കിയ സംഗീത നിശയും അരങ്ങേറി.

