കത്വ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഗ്രാമത്തിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടതായും ഭൂമിക്കും സ്വത്തിനും കാര്യമായ നാശനഷ്ടമുണ്ടായെന്നും അധികൃതർ അറിയിച്ചു.

പൊലീസിന്റെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും സംയുക്ത സംഘം സ്ഥലത്തെത്തി സന്നദ്ധപ്രവർത്തകരുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കത്വ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബഗാർഡ്, ചന്ദ എന്നീ ഗ്രാമങ്ങളിലും ലഖൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദിൽവാൻ-ഹുട്ലിയിലും മണ്ണിടിച്ചിൽ ഉണ്ടായെങ്കിലും വലിയ രീതിയിലുള്ള നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കനത്ത മഴയെ തുടർന്ന് ഉജ് നദിയിലെ ജലനിരപ്പ് കുത്തനെ ഉയർന്നിരിക്കുകയാണ്, ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. റെയിൽവേ ട്രാക്കുകൾ, ദേശീയ പാത, കത്വ പൊലീസ് സ്റ്റേഷൻ എന്നിവയെ വെള്ളപ്പൊക്കം ബാധിച്ചു.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് കത്വ എസ്എസ്പിയുമായി സംസാരിച്ചു. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. സുരക്ഷയ്ക്കായി ജലാശയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജനങ്ങളോട് ഭരണകൂടം അഭ്യർത്ഥിച്ചു.

