ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യത്തിന്റെ സ്ഥാനാർത്ഥി ജസ്റ്റിസ് സുദർശൻ റെഡ്ഡി.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് രാവിലെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് പേര് പ്രഖ്യാപിച്ചത്. സുപ്രീംകോടതി മുൻ ജഡ്ജിയും ഹെെദരാബാദ് സ്വദേശിയുമാണ് സുദർശൻ റെഡ്ഡി. ജഗദീപ് ധൻകർ രാജിവച്ചതിനെത്തുടർന്നാണ് ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തമിഴ്നാട്ടുകാരനായ മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണനെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ കളത്തിലിറക്കുന്നത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് ബിജെപി പാർലമെന്ററി യോഗത്തിനുശേഷം ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് രാധാകൃഷ്ണന്റെ പേര് പ്രഖ്യാപിച്ചത്.

തമിഴ്നാട്ടിൽ സ്വാധീനം ഉറപ്പിക്കുകയെന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് സി.പി. രാധാകൃഷ്ണനെ ബി.ജെ.പി രംഗത്തിറക്കിയതെന്നാണ് വിലയിരുത്തൽ.

