തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് പിന്നാലെ പരാതി ഉയർന്ന സംഭവത്തിൽ ക്ഷമ ചോദിച്ച് സോഷ്യൽമീഡിയ ഇൻഫ്ളുവൻസർ ജാസ്മിൻ ജാഫർ.

ആരെയും വേദനിപ്പിക്കാനോ പ്രശ്നമുണ്ടാക്കാനോ അല്ല വീഡിയോ ചെയ്തത്. അറിവില്ലായ്മയായിരുന്നു. വീഡിയോ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് മനസിലാക്കുന്നു. തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്ന് ജാസ്മിൻ പറഞ്ഞു.
എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകുമെന്നോ വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മകൊണ്ട് എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് ഞാൻ എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’ എന്നാണ് ജാസ്മിൻ ജാഫർ ഇൻസ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചത്. ഗുരുവായൂരിൽ നിന്നും പകർത്തിയ വീഡിയോ അക്കൗണ്ടിൽനിന്നും നീക്കിയിട്ടുണ്ട്.

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ജാസ്മിനെതിരെ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാറാണ് പൊലീസിൽ പരാതി നൽകിയത്. വിലക്ക് മറികടന്ന് ഗുരുവായൂർ തീർത്ഥക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മുൻകൂർ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനമേർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്ന് പരാതിയിൽ പറയുന്നുണ്ട്.

