ദുബായ്: കേരളപ്പിറവിക്ക് മുന്നോടിയായി പ്രാവാസി മലയാളികൾക്ക് സർപ്രൈസുമായി നോർക്ക കെയർ. പ്രവാസികൾക്ക് അഞ്ചു ലക്ഷം രൂപവരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്തു ലക്ഷം രൂപ വരെ നൽകുന്ന ഇൻഷുറൻസാണ് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. കേരളത്തിലെ 410 ആശുപത്രികൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള 12,000-ത്തിലധികം ആശുപത്രികളിൽ പദ്ധതി ലഭ്യമാണ്.

പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക സുരക്ഷ നൽകുക, അടിയന്തര ഘട്ടങ്ങളിൽ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണവും പിന്തുണയും ഉറപ്പാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഭർത്താവ്, ഭാര്യ, രണ്ട് കുട്ടികൾ എന്നിവരുൾപ്പെടെ നാല് പേരടങ്ങുന്ന കുടുംബത്തിന് ജിഎസ്ടി കൂടി ഉൾപ്പെടുത്തി 13,275 വാർഷിക പ്രീമിയം. രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ 4,130 രൂപ കൂടുതൽ നൽകണം. വ്യക്തിഗത ഇൻഷുറൻസാണെങ്കിൽ ചെലവ് 7,965 രൂപയാണ് . 25 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് കുടുംബ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പദ്ധതി പ്രവാസികൾകളിലേക്ക് എത്തിക്കുന്നതിനായി യുഎഇയിൽ മീറ്റിംഗുകൾ സംഘടിപ്പിക്കുന്നുണ്ട്. അബുദാബിയിൽ പൂർത്തിയായ യോഗത്തിന് ശേഷം, അടുത്ത മീറ്റിംഗ് ഞായറാഴ്ച വൈകുന്നേരം 6.30ന് ഷാർജയിലാണ് നടക്കുന്നത്. സെപ്തംബർ 22ന് പദ്ധതി ആരംഭിക്കും. ഒക്ടോബർ 21 വരെ പ്രവാസികൾക്ക് പദ്ധതിയിൽ ചേരാം.

