തിരുവനന്തപുരം: ആരോപണങ്ങൾക്ക് നടുവിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വസതിയിൽ തുടരുന്നു. ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. നിയമസഭാ മണ്ഡലമായ പാലക്കാട്ടേക്ക് പോകുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതിനാൽ മണ്ഡലത്തിലെത്തിയാൽ കോൺഗ്രസ് പ്രവർത്തകരുടേയും നേതാക്കളുടേയും പിന്തുണ ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല.ബിജെപിയും സിപിഎമ്മും എംഎൽഎയെ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പെട്ടെന്ന് പാലക്കാട്ടേക്ക് പോകേണ്ടെന്നും രാഹുൽ അനുകൂലികൾ ക്കിടയിൽ അഭിപ്രായമുണ്ട്. രാഹുൽ മണ്ഡലത്തിൽ എത്തിയാൽ സംരക്ഷിക്കുന്ന കാര്യം കെപിസിസി തീരുമാനിക്കുമെന്നും നിലവിൽ രാഹുൽ കോൺഗ്രസുകാരൻ അല്ലല്ലോ എന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പ്രതികരിച്ചിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ തർക്കം ഒഴിവാക്കണമെന്ന് കോൺഗ്രസിൽ ആവശ്യം. ഇക്കാര്യം കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും പാർട്ടി യോഗത്തിൽ നിർദേശം നൽകി.

ഓൺലൈനായി ചേർന്ന യോഗത്തിലായിരുന്നു നിർദേശങ്ങൾ ഉന്നയിച്ചത്. യോഗത്തിൽ പാർട്ടി എടുത്ത നടപടി നേതാക്കൾ ശരിവച്ചു. രാഹുലിൻ്റെ രാജിയും സസ്പെൻഷനുമായും ബന്ധപ്പെട്ട് പലതരത്തിലുള്ള ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ നടക്കുന്നത്.കോൺഗ്രസിൽ നിന്നുള്ള നേതാക്കൾക്കും രാജിയുമായി ബന്ധപ്പെട്ട് വിഭിന്നാഭിപ്രായങ്ങളാണുള്ളത്. ഈ സാഹചര്യത്തിലാണ് ചർച്ചകൾ ഒഴിവാക്കണമെന്ന നിർദേശമുണ്ടായത്.

