തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയത്തിൽ പരാതി നൽകിയാൽ പരാതിക്കാർക്ക് ജീവന് ഭീഷണിയുണ്ടാകുമെന്ന് ഭയം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരാതി നൽകുന്നവർക്ക് വേണ്ട സംരക്ഷണം സർക്കാർ നൽകും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗർഭം ധരിച്ചൊരു സ്ത്രീയെ കൊന്നുകളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതിയാണ്. എത്രനാൾ രാഹുലിന് ഇത്തരത്തിൽ പിടിച്ചുനിൽക്കാൻ കഴിയുമെന്ന് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുഖ്യമന്ത്രി രൂക്ഷമായ വിമർശനവും ഉന്നയിച്ചു. സംസ്ഥാനത്തെ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പ്രതിപക്ഷ നേതാവ്. സമൂഹം വളരെ ശ്രദ്ധിക്കുന്ന സ്ഥാനമാണത്. രാഹുൽ വിഷയത്തിൽ കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടായിട്ടുണ്ട്. കോൺഗ്രസിൽ തന്നെ പലരും രാഷ്ട്രീയ ജീവിതം നയിച്ചവരാണ്. രാഷ്ട്രീയ പ്രവർത്തനത്തിന് ധാർമ്മികതയും മാന്യതയും ഉണ്ട്. അതെല്ലാം നഷ്ടപ്പെട്ടുപോകുന്നു എന്ന മനോവ്യഥ കോൺഗ്രസിൽ തന്നെ പലരും പറഞ്ഞു. രാഹുലിനെ അംഗീകരിക്കാനാകില്ല എന്ന വികാരം പ്രകടിപ്പിച്ചവരാണ് അവർ.
ഇത്രയധികം പരാതികൾ വന്നിട്ട് അതിനിടയാക്കിയയാളെ സംരക്ഷിക്കുന്ന നില പ്രതിപക്ഷ നേതാവിൽ നിന്നും ഉണ്ടായിക്കൂടാത്തതാണ്. പ്രതിപക്ഷ നേതാവ് പ്രകോപിതനായി കണ്ടതെല്ലാം വിളിച്ചുപറയുകയാണ്.അദ്ദേഹത്തെ പ്പോലെ ഒരാൾ ആ നിലയിലേക്ക് പോകാൻ പാടുണ്ടോ? തന്റെ പാർട്ടിയിൽപെട്ട സീനിയറായിട്ടുള്ള ആളുകളടക്കം എന്തുകൊണ്ട് ഇത്തരത്തിൽ അഭിപ്രായം പറയാൻ ഇടയായി? ആ വികാരം ഉൾക്കൊണ്ടുള്ള പ്രതികരണമല്ലേ അദ്ദേഹത്തിൽ നിന്ന് ഉണ്ടാകേണ്ടിയിരുന്നത്? ശരിയല്ലാത്ത നിലയാണ് ഈ വിഷയത്തിൽ സതീശൻ സ്വീകരിച്ചത് മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിൽ വിഷയത്തിൽ നിയമപരമായി സ്വീകരിക്കാവുന്ന നടപടികളെല്ലാം എടുത്തിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

