കൊളംബോ:കച്ചത്തീവ് ദ്വീപ് ഇന്ത്യയ്ക്ക് കൈമാറില്ലെന്നും ദ്വീപ് ശ്രീലങ്കയുടെ ഭാഗമാണെന്നും ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത്. കച്ചത്തീവ് ഇന്ത്യ ഏറ്റെടുക്കണമെന്ന തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്യുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

വളരെക്കാലമായി നിലനിൽക്കുന്ന കച്ചത്തീവ് പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നു വിജയ് പറഞ്ഞിരുന്നു. ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മീൻപിടുത്തക്കാരെ ഉപദ്രവിക്കുകയാണെന്നും വിജയ് ആരോപിച്ചു.
‘‘ദക്ഷിണേന്ത്യയിൽ തിരഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഇത്തരം പ്രസ്താവനകൾ. പ്രസ്താവനകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല.

നയതന്ത്ര തലത്തിലുള്ള ആശയവിനിമയങ്ങൾ മാത്രമാണ് പ്രധാനം’’–വിജിത ഹെറാത്ത് പറഞ്ഞു. കച്ചത്തീവ് ശ്രീലങ്കയുടേതാണെന്നും അദ്ദേഹം ആവർത്തിച്ചു.

