ആലപ്പുഴ: നാളെ ആലപ്പുഴ പുന്നമടക്കായലിൽ നടക്കാനിരിക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഓളത്തിലേക്ക് എത്തിയിരിക്കുകയാണ് വള്ളംകളി പ്രേമികൾ. കായലിൽ ട്രാക്കുകൾ വേർതിരിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.

നാളെ രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക. രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പരുപാടി ഉദ്ഘാടനം ചെയ്യും. ആദ്യം നടക്കുക ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ്. തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കും.
സിംബാവേ വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്കുമാർ ഇന്ദുകാന്ത് മോദി, അംബാസഡർ സ്റ്റെല്ല നിക്കാമോ തുടങ്ങിയവർ ഇത്തവണ പ്രധാന അതിഥികളായെത്തും. വൈകുന്നേരത്തോടെയായിരിക്കും വള്ളംകളി പ്രേമികൾ കാത്തിരിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങൾ നടക്കുക.

നാളെ രാവിലെ എട്ടുമണി മുതൽക്ക് തന്നെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും എന്നാണ് വിവരം. രാവിലെ ആറു മുതൽ നഗരത്തിലെ റോഡുകളിൽ പാർക്കിങ് അനുവദിക്കുകയില്ല. വാഹനങ്ങൾ പാർക്കു ചെയ്യുകയാണെങ്കിൽ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്.

