ന്യൂനമർദം ദുർബലമായതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തിയും കുറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ സാധാരണ ഇടവിട്ടുള്ള മഴ സാധ്യത മാത്രമെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി.

സെപ്റ്റംബർ 2,3 തീയതികളിലായി ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സൂചനയുണ്ട്. നിലവിലെ സൂചന പ്രകാരം ഓണം ആദ്യ ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ മഴ പ്രതീക്ഷിക്കുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്തു പൊതുവെയും മഴ ലഭിച്ചേക്കാം. ഇതിൽ മാറ്റങ്ങൾ സംഭവിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു.

നിലവിൽ എല്ലാം ജില്ലകളിലും പലയിടങ്ങളിലായി മഴ അനുഭവപ്പെടുന്നുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയിരിക്കുന്നത്.

