തിരുവനന്തപുരം∙ കേരള സര്‍വകലാശാല റജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് ഡോ. മിനി കാപ്പനെ മാറ്റാന്‍ സിന്‍ഡിക്കറ്റ് യോഗത്തില്‍ ധാരണ. ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് റജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്ത വി.സി ഡോ. മോഹനന് കുന്നുമ്മല്‍ പകരം ചുമതല നല്കിയതു മിനി കാപ്പനായിരുന്നു. മിനി കാപ്പനു പകരം കാര്യവട്ടം ക്യാംപസ് ജോയിന്റ് റജിസ്ട്രാര്‍ ഡോ. രശ്മിക്കു ചുമതല നല്‍കും.

ഇന്നത്തെ യോഗത്തിനായി മിനി കാപ്പന് നോട്ടിസ് നല്‍കിയത് നിയമവിരുദ്ധമാണെന്ന് ഇടത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മിനി കാപ്പന് യോഗത്തില്‍ പങ്കെടുക്കുന്നതിനെയും ഇടത് അംഗങ്ങള്‍ എതിര്‍ത്തു. ഇടത് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ച് മിനി കാപ്പനെ മാറ്റിയതോടെ സര്‍വകലാശാലയിലെ ഭരണപരമായ പ്രതിസന്ധിക്കു പരിഹാരമാകുമെന്നാണ് കരുതുന്നത്.
റജിസ്ട്രാറുടെ സസ്പെന്ഷന് സംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ സിന്‍ഡിക്കറ്റ് ചര്‍ച്ച ചെയ്യില്ല. 100 കോടി രൂപയുടെ പിഎം ഉഷ പദ്ധതി സംബന്ധിച്ചു ചര്‍ച്ച ചെയ്യും. പദ്ധതി മാര്‍ച്ചില്‍ പൂര്‍ത്തിയായില്ലെങ്കില്‍ ഫണ്ട് പാഴാകും.

കഴിഞ്ഞ ജൂലൈ ആറിനാണ് സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്നത്. അന്നു വിസിയുടെ ചുമതലയുണ്ടായിരുന്ന ഡോ. സിസ തോമസ് വിളിച്ചുചേര്‍ത്ത യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് റജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കുകയും ചെയ്തിരുന്നു.

