യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചു വിടണമെന്ന് പ്രതിപക്ഷ നേതാവ് . ഇക്കാര്യം ആവശ്യപ്പെട്ട് വി.ഡി.സതീശന് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്കി. കണ്ണില്ലാത്ത ക്രൂരതകാട്ടിയ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. നിലവിലെ ഡിഐജി പൊലീസുകാരെ സംരക്ഷിക്കാന്ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവിന്റെ കത്തിൽ പറയുന്നു. തീവ്രവാദികള്‍പോലും ചെയ്യാത്ത ക്രൂരതയാണ് പൊലീസുകാര്‍ ഒരുയുവാവിനോടു ചെയ്തത്. ഇത് പൊലീസ് സേനക്കും കേരള സമൂഹത്തിനും ആകെ നാണക്കേടുണ്ടാക്കിയെന്നും കത്തില്‍ പറയുന്നു. ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലേക്കും പ്രതിഷേധം വ്യാപിപ്പിച്ചു.

അതേസമയം, കുന്നംകുളം സ്റ്റേഷനില്‍ സിസിടിവി കാമറയ്ക്കു മുന്പില് കുടുങ്ങിയ പൊലീസ് ഉദ്യോഗസ്ഥര്‍ പഠിച്ച പണി പതിനെട്ടും നോക്കി പരാതി പിന്‍വലിപ്പിക്കാന്‍. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത് ഒന്നേ പറഞ്ഞുള്ളൂ. ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍. നിയമപരമായ പോരട്ടം തുടരും. മര്‍ദനത്തിന്റെ തീവ്രത ജനമറിയണം. സിസിടിവി ദൃശ്യങ്ങള്‍ വേണം. സുജിത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്പില് പൊലീസ് മുട്ടുമടക്കി.
കുന്നംകുളത്തെ മര്‍ദക സംഘത്തിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ സജീവന്റെ വീട്ടിലേയ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പതിച്ച വാണ്ടഡ് പോസ്റ്റര്‍ പതിച്ചു. തൃശൂര്‍ മാടക്കത്തറയിലാണ് സജീവന്റെ വീട്. പഞ്ചായത്തിലാകെ ആയിരം ചിത്രങ്ങള്‍ പതിച്ചു. ഉദ്യോഗസ്ഥന്റെ വീടിനു സമീപം പ്രതിഷേധം പൊലീസ് തടഞ്ഞു.

സുജിത്തിനെ മർദിച്ച എസ്.ഐ: ന്യൂമാന്റെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് പലവട്ടം ലാത്തി വീശി. ജില്ല പ്രസിഡൻ്റ് ഹാരിസ് മുതൂർ ഉള്‍പ്പെടെ പത്തു പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. വീണു കിടന്ന പ്രവർത്തകരെ തല്ലിയതിന് എതിരെ നേതാക്കള്‍ പ്രതിഷേധിച്ചു. ഇതിനു പിന്നാലെ വീണ്ടും ലാത്തിവീശി. ചില മാധ്യമപ്രവർത്തകർക്ക് നേരെയും കയ്യേറ്റമുണ്ടായി.

സുജിത്തിനെ നേരില്‍ക്കാണാന്‍ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് തൃശൂര്‍ ഡി.സി.സി. ഓഫിസില്‍ എത്തി. കുന്നംകുളം ക്സറ്റഡി മര്‍ദനത്തിൽ പ്രത്യക്ഷ സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വെട്ടിലായ പൊലീസിന് ശക്തമായ സമരങ്ങള്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
