ഉറക്കെ സംസാരിച്ചും പ്രതിഷേധിച്ചും സമരം ചെയ്തുമാണ് ഇവിടെ എല്ലാ കാലത്തും നീതി നടപ്പിലാക്കിയിട്ടുള്ളതെന്നും എല്ലാവര്ക്കും ഗാന്ധിയാകാന്‍ സാധിക്കില്ലെന്നും നടി ഉര്‍വശി. തനിക്ക് അരുതാത്തത് എന്ന് തോന്നുന്നതിനെ കുറിച്ച് നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കുമെന്നും അതിലൂടെ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ദേശീയ പുരസ്കാരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍.

ഒരുകാലത്ത് നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി പുരസ്കാരം പ്രഖ്യാപിക്കുന്നവരായിരുന്നു ദേശീയ പുരസ്കാരത്തിന്റെ ജൂറി. അതിന് അകത്താണിപ്പോള്‍ പക്ഷപാതപരമായ ഒരു സമീപനമാണുണ്ടായിരിക്കുന്നത്. ആ പുരസ്കാരത്തിന് ഞാന്‍ മൂല്യം നല്‍കുന്നുണ്ട്. അത് സ്വീകരിക്കുകയും ചെയ്യും. അതേസമയം എനിക്ക് അരുതാതത്ത് എന്ന് തോന്നുന്നതിനെ കുറിച്ച് ഞാന്‍ ചോദിച്ചുകൊണ്ടേയിരിക്കും. അതിന് മാറ്റമുണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. ഉറക്കെ സംസാരിച്ചും പ്രതിഷേധിച്ചും സമരം ചെയ്തുമാണ് ഇവിടെ എല്ലാ കാലത്തും നീതി നടപ്പിലാക്കിയിട്ടുള്ളത്. അല്ലാതെ നിശബ്ദത പാലിച്ചിട്ടല്ല. എല്ലാവര്ക്കും ഗാന്ധിയാകാന്‍ സാധിക്കില്ല.’- ഉര്‍വശി വ്യക്തമാക്കി.
ലോകത്ത് സമത്വം നടപ്പിലാക്കിയത് സിനിമിയലൂടെയാണെന്നും അത് ആര്‍ക്കും അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ജാതി, മതം, സവര്‍ണര്‍, അവര്‍ണര്‍ എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും ഇന്നില്ല. ഇന്നത്തെ തലമുറയ്ക്ക് അതിനെ കുറിച്ച് അറിയില്ല. എന്നാല്‍ പണ്ട് അതായിരുന്നില്ല സ്ഥിതി. വളരെ മോശം അവസ്ഥയായിരുന്നു.

സിനിമ എന്ന കലാരൂപം വരികയും അവിടെ എല്ലാവരും തുല്ല്യരായി ഇരിക്കുകയും ചെയ്തു. സിനിമ കാണാനായി കൊട്ടകയ്ക്കുള്ളില്‍ കുറച്ച് മുമ്പിലാണ് യജമാനന്മാര് ഇരുന്നിരുന്നത്. എന്നാല്‍ ഏറ്റവും പിന്നിലുള്ള അടിയാന്മാര്ക്കാണ് കറക്റ്റ് വിഷന്‍ കിട്ടുക. അത് അറിയാനുള്ള ബോധം അന്നുള്ളവര്‍ക്കില്ല. ഏറ്റവും പിന്നില്‍ ഇരിക്കുന്നവനാണ് യജമാനന് എന്ന് കാണിച്ചുകൊടുത്തത് സിനിമയാണ്. കൊട്ടകയ്ക്കകത്തുള്ള സമത്വമാണ് ലോകത്ത് ആദ്യം നടപ്പിലാക്കിയത് എന്നാണ് ഒരു കലാകാരി എന്ന നിലയില്‍ ഞാന്‍ മനസിലാക്കിയിട്ടുള്ളത്. മറ്റ് എവിടേയെങ്കിലും ഉണ്ടെങ്കില്‍ അത് എനിക്കറിയില്ല.’-ഉര്‍വശി പറഞ്ഞു.

