തിരുവനന്തപുരം: ചെമ്പഴന്തിയിലെ ഗുരുജയന്തി സമ്മേളന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ്. രാഷ്ട്രീയ വിവാദങ്ങളുടെ പേരില്‍ പരിപാടിയില്‍ നിന്ന് മാറി നില്‍ക്കുന്നത് രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ലെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

വി ഡി സതീശന് പരിപാടിയില്‍ പങ്കെടുക്കാത്തത് ആരോഗ്യ കാരണങ്ങളാല്‍ അല്ലെങ്കില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നും ശുഭാംഗാനന്ദ പറഞ്ഞു. ശിവഗിരിക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും കക്ഷി രാഷ്ട്രീയം ഇല്ല.
എല്ലാ രാഷ്ട്രീയക്കാരും ഗുരുവിനെയും ഗുരുദര്‍ശനത്തെയും ഉള്‍ക്കൊള്ളുന്നവരാണ്. എല്ലാ രാഷ്ട്രീയ പ്രതിനിധികളെയും പരിപാടിയില്‍ ക്ഷണിക്കാറുണ്ട്. രാഷ്ട്രീയ വിവാദത്തിന്റെ പേരില്‍ ശിവഗിരിയുടെ പരിപാടിയില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയല്ല. ശിവഗിരി മഠം കക്ഷി രാഷ്ട്രീയത്തിന് അതീതമാണെന്നും ശുഭാംഗാനന്ദ വ്യക്തമാക്കി.

ആരോഗ്യകാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നായിരുന്നു വി ഡി സതീശന് ഗുരുകുലത്തെ അറിയിച്ചത്. എന്നാല്‍ എറണാകുളത്തെ പരിപാടികളികളില്‍ സതീശന് പങ്കെടുത്തു. ഇതോടെയാണ് വിമര്‍ശനവുമായി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് രംഗത്തെത്തിയത്.

