തൃശ്ശൂർ: സമയം വൈകീട്ട് 4.30. സ്ഥലം പ്രകൃതിരമണീയമായ തൃശ്ശൂർ വടക്കേ പുള്ള് പാടം. പാടത്തിനടുത്തുള്ള കാർത്യായനി ക്ഷേത്രത്തിന്റെ ആൽത്തറയ്ക്കുചുറ്റും കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് ‘കലുങ്ക് സൗഹൃദം’ പങ്കുവെക്കാൻ പ്രദേശവാസികൾ ഒത്തുകൂടി.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും നടനുമായ ദേവനൊപ്പമാണ് സുരേഷ് ഗോപിയെത്തിയത്. പണ്ട് നാട്ടിൻപുറങ്ങളിലെ സവിശേഷതയായ ഒത്തുകൂടലുകൾ പ്രശ്നപരിഹാരങ്ങൾക്ക് സഹായകരമായിരുന്നെന്ന് പറഞ്ഞുകൊണ്ട് ദേവൻ തുടക്കമിട്ടു.

നാട്ടിൻപുറത്തിന്റെ സവിശേഷതകൾ തിരിച്ചുപിടിക്കാനും അവിടെവെച്ച് വികസന ചർച്ചകൾ നടത്താനും വ്യക്തിപരമായ സൗഹൃദങ്ങൾ പങ്കുവെക്കാനുമാണ് ഇങ്ങനെയൊരു പരിപാടി തുടങ്ങിവെക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രാദേശിക വികസന വിഷയങ്ങൾ ജനങ്ങൾ കേന്ദ്രമന്ത്രിക്കു മുന്നിൽ അവതരിപ്പിച്ചു. വെള്ളപ്പൊക്കം മുതൽ കുടിവെള്ളപ്രശ്നംവരെ വികസന സംവാദത്തിൽ ചർച്ചയായി.
വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി പ്രത്യേക പഠനസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കമാൻഡ് മുഖം ബണ്ട് അടക്കമുള്ള വിഷയങ്ങളിൽ ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകുമെന്നും നാട്ടുകാർക്ക് കേന്ദ്രമന്ത്രി ഉറപ്പുനൽകി.

തൃശ്ശൂർ നഗരവികസനത്തിനായും വിവിധ പദ്ധതികളുണ്ട്. എന്നാൽ ‘കോർപറേഷൻ ഇങ്ങ് തരണം’ സുരേഷ് ഗോപി പറഞ്ഞു. ചെമ്മാപ്പിള്ളി കടവിൽ നടന്ന രണ്ടാമത്തെ സൗഹൃദസംവാദസദസ്സിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സംവിധായകൻ സത്യൻ അന്തിക്കാടും വേദി പങ്കിട്ടു. ജാതിമത കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവർക്കും അവരവരുടെ പ്രശ്നങ്ങൾ പങ്കുവെക്കാൻ സുരേഷ് ഗോപി ഒരുക്കിയ വേദി പുതുചരിത്രം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി രാഷ്ട്രീയഭേദമില്ലാതെ എല്ലാവരുടെയും എംപിയാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

