തൃശൂർ: കേന്ദ്രസഹമന്ത്രി വാങ്ങാത്ത നിവേദനം വാങ്ങി എംഎൽഎ. കൊച്ചുവേലായുധന്റെ വീട്ടിൽ നേരിട്ട് ചെന്നാണ് സി.സി. മുകുന്ദൻ എംഎൽഎ നിവേദനം വാങ്ങിയത്.

നിവേദനം വാങ്ങാതെ വയോധികനെ അപമാനിച്ച കേന്ദ്രസഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ നടപടിയിൽ വ്യാപക വിമർശനം ഉയരുമ്പോഴാണ് വയോധികന്റെ വീട്ടിലെത്തി എംഎൽഎ നിവേദനം വാങ്ങിയത്.
കൊച്ചുവേലായുധൻ്റെ വീടിന് മുകളിൽ തെങ്ങ് വീണപ്പോൾ റവന്യൂ ദുരന്ത നിവാരണ വകുപ്പിൽ നിന്നും 1.20 ലക്ഷം ലഭ്യമാക്കിയിരുന്നതായി എംഎൽഎ പ്രതികരിച്ചു.

ഇദ്ദേഹത്തിന് പുതിയ വീട് നിർമിക്കാൻ ലൈഫ് ഭവന പദ്ധതിയിൽ മുൻഗണന നൽകി തദ്ദേശ സ്വയംഭരണവകുപ്പ് മുഖേനെ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

