ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതികള്‍ പരിഹരിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആഭ്യന്തര പരാതിപരിഹാര സമിതി രൂപവല്‍ക്കരിക്കുന്നത് നിര്‍ബന്ധമല്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാന്‍ വിസമ്മതിച്ചു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നവര്‍ എങ്ങനെയാണ് ജീവനക്കാരാകുകയെന്നു കോടതി ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എങ്ങനെയാണ് പോഷ് നിയമപ്രകാരം തൊഴില്‍സ്ഥലം എന്നതിന്റെ നിര്‍വചനത്തില്‍ വരാന്‍ കഴിയുകയെന്ന് ചീഫ് ജസ്റ്റിസ് ബി ആര് ഗവായി, ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്, അതുല്‍ എസ് ചന്ദൂക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. പാര്‍ട്ടിയും പ്രവര്‍ത്തകരും തമ്മില്‍ തൊഴിലാളി തൊഴിലുടമ ബന്ധം നിലവിലില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം ബന്ധം നിലനില്ക്കുന്നില്ലാത്തതിനാല് 2013ലെ ജോലി സ്ഥലത്തെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം ആഭ്യന്തര പരാതി പരിഹാര സമിതി സ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമപരമായ ബാധ്യതയില്ലെന്ന ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയാണ് പരിഗണനയ്ക്കു വന്നത്.
പോഷ് നിയമപ്രകാരം, പരാതി നല്‍കുന്നതിനായി ഒരു സ്ത്രീ ആ സ്ഥാപനത്തില്‍ ജോലിക്കാരിയായിരിക്കേണ്ട ആവശ്യമില്ലെന്ന് ഹര്‍ജിക്കാരിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷക ശോഭാ ഗുപ്ത വാദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ ആരെയും ജോലിക്കെടുക്കുന്നില്ല എന്നത് പരിഗണിച്ച്, രാഷ്ട്രീയ പാര്‍ട്ടികളെ എങ്ങനെ ഒരു തൊഴിലിടമായി കണക്കാക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു സംഘടിത സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതൊരു സ്ഥാപനമാണെന്നും ശോഭാ ഗുപ്ത വാദിച്ചു.

എന്നാല്‍, ഒരാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ അതൊരു ജോലിയല്ലെന്നും അതിന് ശമ്പളമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഹര്‍ജി തള്ളി. നേരത്തെ ഇതേ ഹര്‍ജിക്കാരി രാഷ്ട്രീയ പാര്‍ട്ടികളെ പോഷ് നിയമത്തിന് കീഴില്‍ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടാണ് ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. പിന്നീടാണ് കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യാനുള്ള ഹര്‍ജി നല്‍കുകയും നേരത്തെ നല്കിയ ഹര്‍ജി പിന്‍വലിക്കുകയും ചെയ്തത്.

ഫ്രീലാന്‍സ് ജോലികള്‍, സിനിമ, മാധ്യമം, രാഷ്ട്രീയ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വലിയൊരു വിഭാഗം സ്ത്രീകളെ പോഷ് നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അഭിഭാഷക എംജി യോഗമായ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള സിനിമാ നിര്‍മ്മാണ യൂണിറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍( ഐസിസി) നിര്‍ബന്ധമാണെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ സിനിമക്കാരുടെ സംഘടനകളായ അമ്മ, ഫെഫ്ക പോലുള്ളവയില്‍ ഐസിസി നിര്‍ബന്ധമല്ലെന്ന് കേരള ഹൈക്കോടതി നടത്തിയ വ്യാഖ്യാനം പോഷ് നിയമത്തിന്റെ ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. സിനിമയിലെപ്രൊഡക്ഷന് അസോസിയേഷനുകളോ രാഷ്ട്രീയ മേഖലയിലെ രാഷ്ട്രീയ പാര്‍ട്ടികളോ ആകട്ടെ, യഥാര്‍ത്ഥ സംഘടനാ നിയന്ത്രണമുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സ്ത്രീകളെയും പോഷ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നുമായിരുന്നു ഹര്‍ജിക്കാരി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്. കോടതി ഇടപെട്ടില്ലെങ്കില്‍, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക്് തുല്യത, അന്തസ്സ്, സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം എന്നിവയ്ക്കുള്ള അവകാശം നിഷേധിക്കപ്പെടുന്നത് തുടരുമെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.
