ഹരിപ്പാട്:വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കലാമണ്ഡലം ഗോപി അരങ്ങിലെത്തിയത് കഥകളി ആസ്വാദകർക്ക് ഇരട്ടി മധുരമായി. കൃഷ്ണാഷ്ടമി ദിനത്തിലെ അർദ്ധരാത്രിയിൽ കൃഷ്ണാവതാര മുഹൂർത്തത്തിൽ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രനടയിലാണ് കുചേല വേഷത്തിൽ കലാമണ്ഡലം ഗോപി വീണ്ടും അരങ്ങിലെത്തിയത്.

വർഷങ്ങളോളം തുടർച്ചയായി അവതാര പൂജ സമയത്ത് കുചേലവൃത്തം കഥകളിയിൽ കൃഷ്ണവേഷത്തിൽ എത്തിയിട്ടുണ്ട്. എന്നാൽ, ശാരീരിക അവശതകൾ കാരണം ഇത്തവണ കുചേലനായാണ് വേഷമിട്ടത്.
കലാമണ്ഡലം ഷണ്മുഖനാണ് കൃഷ്ണവേഷത്തിൽ നിറഞ്ഞാടിയത്. രണ്ടുവർഷമായി കളി അരങ്ങിൽ നിന്ന് മാറി നിന്ന അദ്ദേഹം, അഭിനയ രംഗത്ത് നിന്ന് തന്നെ മാറി നിൽക്കുന്നതായി മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.

ആ തീരുമാനം തിരുത്തിയാണ് അദ്ദേഹം ഏവൂർ ശ്രീകൃഷ്ണ ക്ഷേത്രനടയിലെ അരങ്ങിലെത്തിയത്. പത്തിയൂർ ശങ്കരൻകുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി, ചമ്പക്കര വിജയകുമാർ, കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം അച്യുതവാര്യർ എന്നിവരും കലാവിരുന്നൊരുക്കി. ഏവൂർ കണമ്പള്ളിൽ കഥകളിയോഗമാണ് അരങ്ങ് തീർത്തത്. 2021 അഷ്ടമിരോഹിണി ദിനത്തിലാണ് കലാമണ്ഡലം ഗോപി ഇതിനുമുമ്പ് ഏവൂരിലെത്തിയത്.

