പമ്പ: ശനിയാഴ്ച പമ്പയിൽ നടക്കുന്ന അയ്യപ്പസംഗമത്തിനായി 3000 പേർക്കിരിക്കാവുന്ന ജർമൻപന്തലിന്റെ പണി അവസാനഘട്ടത്തിൽ. ശീതീകരിച്ച പന്തലാണിത്.

38,500 ചതുരശ്ര അടിയിലുള്ളതാണിത്. അയ്യപ്പസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ഇവിടെയായിരിക്കും. ഗ്രീൻ റൂം, മീഡിയ റൂം വിഐപി ലോഞ്ച് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിൽടോപ്പിലാണ് പ്രതിനിധികൾക്കുള്ള ഭക്ഷണസൗകര്യം. സെമിനാറും ഇവിടെ നടക്കും. ഇവിടെ 500 പേർക്ക് ഇരിക്കാം.
പമ്പാ മണപ്പുറവും നദിയും പൂർണമായും വൃത്തിയാക്കിയിട്ടുണ്ട്. പമ്പയിൽ അടിഞ്ഞുകൂടിക്കിടന്ന മാലിന്യം നീക്കി. പമ്പയിലെ ശൗചാലയങ്ങൾക്ക് പിന്നിലൂടെയുള്ള സർവീസ് റോഡും പുതുക്കി. ചാലക്കയം-പമ്പ റോഡിലെ കുഴികൾ അടയ്ക്കുന്ന ജോലികളും പൂർത്തിയായി.

ഇതിന് പുറമെ അയ്യപ്പ സംഗമത്തിനുള്ള പ്രതിനിധികളെ തീരുമാനിക്കാൻ സ്ക്രീനിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ 5000 പിന്നിട്ടതോടെയാണ് സ്ക്രീനിങ് നടത്തി ഡെലിഗേറ്റുകളെ തിരഞ്ഞെടുക്കാൻ നീക്കം തുടങ്ങിയത്. 3000 ഡെലിഗേറ്റുകളെയാണ് പങ്കെടുപ്പിക്കുക.

