ചെന്നൈ: ജാതിയുടെപേരിൽ ഒരാളും ക്ഷേത്രങ്ങളിൽ വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഭരണാധികാരികൾക്കുണ്ടെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി.

ആരാധനാ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചചെയ്യാൻ പറ്റില്ലെന്ന് വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളുടെയും തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെയും ചരിത്രം ഓർമ്മിപ്പിച്ച് ജസ്റ്റിസ് ബി. പുകഴേന്തി പറഞ്ഞു.
തമിഴ്നാട്ടിലെ കരൂർ ജില്ലയിലെ ചിന്നധാരാപുരത്തെ മാരിയമ്മൻ ക്ഷേത്രത്തിൽ പട്ടികജാതിയിൽപ്പെട്ടവർക്കു പ്രവേശനം വിലക്കിയ സംഭവത്തിലാണ് ജില്ലാ കളക്ടറെയും പോലീസ് സൂപ്രണ്ടിനെയും ഹൈക്കോടതി നിശിതമായി വിമർശിച്ചത്.

ഭരണഘടന നൽകുന്ന സൗകര്യങ്ങളെല്ലാം അനുഭവിക്കുന്ന ഉദ്യോഗസ്ഥർ ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റാതിരിക്കുന്നത് സത്യപ്രതിജ്ഞാലംഘനമാണ്. ജാതിവിവേചനത്തെത്തുടർന്ന് സംഘർഷമുണ്ടായാൽ ക്ഷേത്രം അടച്ചിടുകയല്ല വേണ്ടത്. -കോടതി വ്യക്തമാക്കി

