ഡൽഹി: അപകീർത്തി ക്രിമിനൽ കുറ്റമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീം കോടതി. ജവഹർലാൽ നെഹ്റു സർവകലാശാലയുമായി (ജെഎൻയു) ബന്ധപ്പെട്ട് ഓൺലൈൻ വാർത്താ പോർട്ടലായ ‘ദി വയറി’നെതിരെ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസിൽ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസ് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ഇതെല്ലാം കുറ്റകരമല്ലാതാക്കാനുള്ള സമയമായെന്ന് രണ്ടംഗ ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് എം.എം സുന്ദരേഷ് അഭിപ്രായപ്പെട്ടു. 2016-ൽ ജെഎൻയുവിനെ “സംഘടിത സെക്സ് റാക്കറ്റിന്റെ കേന്ദ്രം” എന്ന് വിശേഷിപ്പിക്കുന്ന 200 പേജുള്ള രേഖ തയ്യാറാക്കിയതിൽ പ്രൊഫസർക്ക് പങ്കുണ്ടെന്ന് ദി വയർ ലേഖനത്തിൽ ആരോപിച്ചതിനെതിരെയാണ് കേസ്.
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ മുൻ പ്രൊഫസർ അമിത സിംഗ് ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസിൽ കോടതി പുറപ്പെടുവിച്ച സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദി വയർ നടത്തുന്ന ഫൗണ്ടേഷൻ ഫോർ ഇൻഡിപെൻഡന്റ് ജേണലിസവും പത്രപ്രവർത്തകനായ അജോയ് ആശിർവാദും സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസിൽ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസ് ഡൽഹി ഹൈക്കോടതി ശരിവെച്ചിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 499 നു പകരമായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 356 പ്രകാരം അപകീർത്തിപ്പെടുത്തൽ ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. 2016-ൽ സുബ്രഹ്മണ്യൻ സ്വാമി യൂണിയൻ ഓഫ് ഇന്ത്യക്കെതിരെ നൽകിയ കേസിൽ, ക്രിമിനൽ മാനനഷ്ടത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ശരിവച്ചിരുന്നു.

