കൊച്ചി: അരുന്ധതി റോയിയുടെ പുസ്തകത്തെ നിയമക്കുരുക്കിലാക്കിയ പൊതുതാല്‍പ്പര്യ ഹര്‍ജിക്കാരനെതിരെ തിരിഞ്ഞ് ഹൈക്കോടതി. ഹര്ജിക്കാരന് പിഴചുമത്തുമെന്ന് കോടതി മുന്നറിയിപ്പ് നല്കി. പുസ്തകത്തില്‍ പുകവലിക്കെതിരെ മുന്നറിയിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസാധകര് കോടതിയെ അറിയിച്ചു. ഇതോടെയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഹര്‍ജിക്കാരനെതിരെ തിരിഞ്ഞത്.
പുസ്തകം കാണാതെയാണോ ഹര്‍ജി നല്‍കിയതെന്ന് കോടതി ആരാഞ്ഞു. പുകവലിക്കെതിരെ മുന്നറിയിപ്പ് കവര്‍ പേജില്‍ നല്കിയിട്ടുണ്ടല്ലോ. പുസ്തകം മറിച്ചുപോലും നോക്കാതെയാണോ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കോടതി ചോദിച്ചു. അരുന്ധതി റോയിയുടെ ‘മദര്‍മേരി കംസ് ടു മീ’ എന്ന പുസ്തകത്തിനെതിരെയാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്.
പുസ്തകത്തിന്റെ കവര്‍ പുകവലിക്കുന്ന ചിത്രമാണെന്നും, പുകവലിക്കെതിരെ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും, യുവജനങ്ങളെ വഴിതെറ്റിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നൽകിയത്. ഹര്ജിക്കാരന് നിലപാട് അറിയിക്കണമെന്ന് നിര്‍ദേശിച്ച കോടതി കേസ് ഒക്ടോബര്‍ 7 ന് പരിഗണിക്കാന്‍ മാറ്റി.
അരുന്ധതി റോയി പ്രസിദ്ധീകരിച്ച ആദ്യ ഓർമക്കുറിപ്പ് കൂടിയാണ് മദർ മേരി കംസ് ടു മീ. അമ്മയുമായുള്ള തന്റെ സങ്കീർണമായ ബന്ധത്തെക്കുറിച്ചും അക്ഷരങ്ങളുടെ ലോകത്ത് എത്തപ്പെട്ടതിനെപ്പറ്റിയുമാണ് പുസ്തകത്തിൽ പറഞ്ഞുപോകുന്നത്. ഓഗസ്റ്റ് 28-നാണ് പുസ്തകം പുറത്തിറങ്ങിയത്. കോട്ടയത്തെ പള്ളിക്കുടം സ്കൂൾ സ്ഥാപകയായ മേരി റോയിയാണ് അരുന്ധതി റോയിയുടെ അമ്മ. ക്രിസ്ത്യൻ പിന്തുടർച്ചാവകാശത്തിൽ പെൺകുട്ടികൾക്കും തുല്യാവകാശമുണ്ടെന്ന നിർണായക സുപ്രീം കോടതി വിധിയ്ക്ക് കാരണമായ കേസിലെ ഹർജിക്കാരി മേരി റോയി ആയിരുന്നു.
