ഡൽഹി: വയനാട് ദുരന്തത്തിൽ ധനസഹായം അനുവദിച്ച് കേന്ദ്രം. 260.56 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി (എച്ച്എൽസി) അനുവദിച്ചത്. ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട്ടിലെ പുനരുദ്ധാരണ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്.

2022 ലെ പ്രളയം, ഉരുൾപൊട്ടൽ ദുരന്തം ബാധിച്ച അസമിന് പുനർനിർമ്മാണ പദ്ധതികൾക്കായി 1270.788 കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. 9 സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വയനാട് പുനർനിർമ്മാണത്തിനായി പിഡിഎൻഎയിൽ 2221 കോടി രൂപയായിരുന്നു കേരളം അവശ്യപ്പെട്ടത്.
അതേസമയം, തിരുവനന്തപുരം, ഭോപ്പാൽ, ഭുവനേശ്വർ, ഗുവാഹത്തി, ജയ്പൂർ, കാൺപൂർ, പട്ന, റായ്പൂർ, വിശാഖപട്ടണം, ഇൻഡോർ, ലഖ്നൗ എന്നീ പതിനൊന്ന് നഗരങ്ങൾക്കായി നഗര പ്രളയ അപകടസാധ്യത പരിപാലന പദ്ധതിയുടെ രണ്ടാംഘട്ട നടത്തിപ്പിനായി എച്ച്എൽസി അംഗീകാരം നൽകി. ഇതിനായി ദേശീയ ദുരന്ത ലഘൂകരണ ഫണ്ടിൽ നിന്ന് ആകെ 2444.42 കോടി രൂപയുടെ ധനസഹായം നൽകും.

വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങൾ/സംസ്ഥാന തലസ്ഥാനങ്ങൾ എന്ന നിലയിലാണ് ഈ 11 നഗരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ, മറ്റ് ഭൗതിക, പാരിസ്ഥിതിക, സാമൂഹിക-സാമ്പത്തിക, ജല-കാലാവസ്ഥാ ഘടകങ്ങളും ഈ നഗരങ്ങളുടെ തിരഞ്ഞെടുപ്പിനായി പരിഗണിച്ചിട്ടുണ്ട്.

