ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട ബോട്ടുകൾ തടഞ്ഞ് ഇസ്രയേൽ നാവികസേന. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് ഉൾപ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ (ജിഎസ്എഫ്) ഭാഗമായ നിരവധി ബോട്ടുകൾ സുരക്ഷിതമായി തടഞ്ഞതായും ബോട്ടിലുണ്ടായിരുന്നവരെ തുറമുഖത്തേക്ക് മാറ്റുകയാണെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി ബിബിസി റിപ്പോർട്ടു ചെയ്തു.

സംഘർഷ മേഖലയിലേക്ക് അടുക്കുന്നതിനാൽ കപ്പലുകളോട് ഗതി മാറ്റാൻ നാവികസേന നിർദേശം നൽകിയിരുന്നതായും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ബോട്ടുകൾ തടഞ്ഞത് നിയമവിരുദ്ധമാണെന്നും പ്രതിരോധ നടപടിയല്ലെന്നും ജിഎസ്എഫ് അധികൃതർ പ്രതികരിച്ചു. ഫ്ളോട്ടില്ലയിലെ ഒരു ബോട്ടിനെ കടലില്‍ വെച്ച് മനഃപൂര്‍വം ഇടിച്ചുവെന്നും മറ്റു ബോട്ടുകള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചതായും ജിഎസ്എഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
അതേസമയം, ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാനുള്ള ജിഎസ്എഫിന്റെ ശ്രമത്തെ പ്രകോപനം എന്നാണ് ഇസ്രയേൽ വിശേഷിപ്പിച്ചത്. ബോട്ടിലുണ്ടായിരുന്ന ഗ്രെറ്റയും സുഹൃത്തുക്കളും സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്നും ഇസ്രയേൽ അറിയിച്ചു.

ഗ്രെറ്റ തുൻബെർഗ്, നെൽസൺ മണ്ടേലയുടെ ചെറുമകൻ മാണ്ട്ല മണ്ടേല, മുന്‍ ബാര്‍സലോണ മേയര്‍ അഡ കോളോ, ചരിത്രകാരന് ക്ലിയോനികി അലക്സോപൗലോ, മനുഷ്യാവകാശ പ്രവര്ത്തകന് യാസ്മിന് അസര്‍, പരിസ്ഥിതി പ്രവര്ത്തകന് തിയാഗോ ആവില, അഭിഭാഷക മെലാനി ഷൈസര്‍, ശാസ്ത്രജ്ഞന് കാരന് മൊയ്നിഹാന്‍ തുടങ്ങി അഞ്ഞൂറോളം വരുന്ന പ്രവര്‍ത്തകരാണ് 45 ബോട്ടുകളിലായി യാത്ര ചെയ്യുന്നത്. ഓഗസ്റ്റ് അവസാനത്തോടെ യാത്ര തിരിച്ച സംഘം ഈ ആഴ്ച ഗാസ മുനമ്പിൽ എത്തുമെന്നായിരുന്നു വിവരം.

