കോട്ടയം: എൻഎസ്എസിനെ കമ്യൂണിസ്റ്റും കോൺഗ്രസും ബിജെപിയുമാക്കാൻ ആരും ശ്രമിക്കേണ്ടെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നല്ലതിനെ അംഗീകരിക്കും. എൻ എസ് എസിന് കമ്മ്യുണിസ്റ്റുകൾ നിഷിദ്ധമൊന്നുമല്ല. കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ അംഗീകാരം എൻഎസ്എസിന് ആവശ്യമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. 112-ാമത് വിജയദശമി നായർ മഹാസമ്മേളനം പെരുന്നയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“എൻഎസ്എസ് രാഷ്ട്രീയമായി സമദൂരത്തിലാണ്. പക്ഷെ സമദൂരത്തിൽ, ശരിദൂരം കണ്ടെത്തി. ഇതിൽ രാഷ്ട്രീയം നോക്കിയില്ല. അയ്യപ്പ സംഗമത്തിലെ എൻഎസ്എസ് സാന്നിധ്യം രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമം നടക്കുന്നത്. സുകുമാരൻ നായരുടെ മാറിൽ നൃത്തമാടുന്നതുപോലെ കേരളത്തിലെ നായൻമാരുടെ നെഞ്ചത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ട” – ജി സുകുമാരൻ നായർ പറഞ്ഞു.
” വിശ്വാസം, ആചാരം, എന്നിവ സംരക്ഷിക്കുകയാണ് എൻ എസ് എസ് നിലപാട്. ആചാരത്തിനും, അനുഷ്ഠാനത്തിനും പോറൽ ഏല്പിക്കുന്ന രീതിയിൽ സർക്കാർ വന്നപ്പോഴാണ് എൻ എസ് എസ് ശബ്ദമുയർത്തിയത്. ശബരിമലയിൽ മുൻകാലങ്ങളിലെ പോലെ ആചാരാനുഷ്ഠാനങ്ങൾ ദേവസ്വം ബോർഡ് സംരക്ഷിച്ചുവരുന്ന സന്ദർഭത്തിൽ വികസനം കൂടി വേണം.” -ജി സുകുമാരൻ നായർ വ്യക്തമാക്കി.

ശബരിമല വികസനത്തിന് കൂടിയാലോചനകൾ വേണമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പ സംഗമത്തിൽ എൻ എസ് എസ് പ്രതിനിധി പങ്കെടുത്തതെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ഇപ്പോഴും സുപ്രീം കോടതിയിൽ ഒമ്പത് അംഗ ബഞ്ചിൽ എൻ എസ് എസിന്റെ കേസ് ഉണ്ടെന്ന് സുകുമാരൻ നായർ പറഞ്ഞു.

