ജയ്പൂർ: രാജസ്ഥാനിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 6 രോഗികൾ മരിച്ചു. ജയ്പൂരിലെ സർക്കാർ ഉടമസ്ഥതയിലുള്ള സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ ട്രോമ സെന്ററിൽ ഇന്നലെ രാത്രിയാണ് തീപിടിത്തം ഉണ്ടായത്.

തീപിടിത്തം ഉണ്ടാകുന്ന സമയത്ത് 11 രോഗികൾ ന്യൂറോ ഐസിയുവിൽ ചികിത്സയിലായിരുന്നുവെന്ന് ട്രോമ സെന്ററിന്റെ ചുമതലയുള്ള ഡോ.അനുരാഗ് ധാക്കഡ് പറഞ്ഞു. “ആറ് പേർ സംഭവത്തിൽ മരിച്ചു. ഇതിൽ രണ്ട് പേർ സ്ത്രീകളും നാല് പേർ പുരുഷന്മാരുമാണ്. മറ്റ് പതിനാല് രോഗികളെ മറ്റൊരു ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇവരെല്ലാം സുരക്ഷിതരാണ്,” ധാക്കഡ് പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ, പാർലമെന്ററി കാര്യ മന്ത്രി ജോഗറാം പട്ടേൽ, ആഭ്യന്തര സഹമന്ത്രി ജവഹർ സിംഗ് ബേധാം എന്നിവർ ട്രോമ സെന്റർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തീപിടിത്തമുണ്ടായപ്പോൾ ജീവനക്കാർ ഓടി രക്ഷപ്പെട്ടുവെന്ന് പട്ടേലും ബെധാമും ആശുപത്രിയിലെത്തിയപ്പോൾ രോഗികളുടെ ബന്ധുക്കൾ പരാതിപ്പെട്ടു.

“പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഞങ്ങൾ ജീവനക്കാരെ വിവരമറിയിച്ചു, പക്ഷേ അവർ അത് ശ്രദ്ധിച്ചില്ല. തീ പടർന്നതുകണ്ടപ്പോൾ അവർ ഓടി രക്ഷപ്പെടുകയായിരുന്നു. രോഗികളെക്കുറിച്ചുള്ള ഒരു വിവരവും ഞങ്ങളെ അറിയിക്കുന്നില്ല,” ഒരാൾ പറഞ്ഞു. രോഗികളായ തങ്ങളുടെ ബന്ധുക്കളെക്കുറിച്ചുള്ള ഒരു വിവരവും ആശുപത്രി അധികൃതർ പറയുന്നില്ലെന്നും അവർ പരാതിപ്പെട്ടു.

