ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ അംബാസിഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇന്ത്യയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് സഞ്ജുവിനെ ഇപിഎല്ലിന്റെ ഇന്ത്യയിലെ അംബാസിഡറാക്കിയിരിക്കുന്നത്.

നേരത്തെ ബോളിവുഡ് താരം രൺവീർ സിങ്, ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോനി എന്നിവർ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ അംബാസിഡർമാരായിരുന്നു. ഇന്ത്യയിലൂടനീളം സഞ്ജുവിനുള്ള ആരാധക പിന്തുണ വ്യക്തമാക്കിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഇന്ത്യയിലെ അംബാസിഡർ സ്ഥാനം സഞ്ജുവിലേക്ക് വരുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ട്രോഫിയുമായി ലിവർപൂൾ ഇതിഹാസ താരം മൈക്കൽ ഓവൻ മുംബൈയിലെത്തിയപ്പോൾ അംബാസിഡറായി സഞ്ജുവും ഒപ്പം കൂടിയിരുന്നു. തന്റെ പ്രിയപ്പെട്ട പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ ആണെന്ന് സഞ്ജു പറഞ്ഞു.

“ഫുട്ബോളിന്റേയും പ്രീമിയർ ലീഗിന്റേയും വലിയ ആരാധകനാണ് ഞാൻ. കുട്ടിക്കാലം മുതൽ ഒരുപാട് ഫുട്ബോൾ കളിച്ചിട്ടുണ്ട്. ഫുട്ബോൾ മത്സരം കാണുന്നതിനേക്കാൾ കൂടുതൽ എന്റെ അച്ഛനും ചേട്ടനും ഒപ്പം കളിക്കുകയാണ് ചെയ്തിട്ടുള്ളത്,” സഞ്ജു സാംസൺ പറഞ്ഞു.

