തിരുവനന്തപുരം : ശബരിമലയിലെ സ്വര്‍ണപ്പാളി കാണാതായ സംഭവത്തില്‍ കരുതലോടെ പ്രതിരോധം തീര്‍ക്കാന്‍ സിപിഎമ്മും സര്‍ക്കാരും. പ്രതികരണത്തില്‍ ശ്രദ്ധവേണമെന്ന പാര്‍ട്ടി നിര്‍ദേശം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്കടക്കം നല്‍കിയിട്ടുണ്ട്.

ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഹൈക്കോടതിക്ക് പ്രധാനപങ്കാണുള്ളത്. അന്വേഷണകാര്യത്തില്‍ തീരുമാനമെടുക്കുന്നതും ഹൈക്കോടതിയാണ്. അതിനാല്‍, വിവാദത്തിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കാതെ, അതിന്റെ ചൂട് സര്‍ക്കാരിലേക്ക് അടിക്കാതെ സംരക്ഷിക്കാനുള്ള രാഷ്ട്രീയദൗത്യമാണ് സിപിഎം ഏറ്റെടുക്കുന്നത്.
‘അന്വേഷണം നടക്കട്ടെ’ എന്ന ഒറ്റനിലപാടിലൂന്നിയാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പ്രതിരോധം. അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തിലായതിനാല്‍ അതിന്റെ അനന്തരഫലം എന്താകുമെന്ന ആശങ്ക പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ട്. അതിനാല്‍, ഇപ്പോഴത്തെ വിവാദങ്ങളില്‍ ആരെയെങ്കിലും സംരക്ഷിക്കുന്നരീതിയിലുള്ള വാദം ചാനല്‍ ചര്‍ച്ചകളിലടക്കം സിപിഎം പ്രതിനിധികള്‍ സ്വീകരിക്കില്ല. സര്‍ക്കാരിന് എന്തെങ്കിലും വീഴ്ചസംഭവിച്ചുവെന്ന രീതിയിലുള്ള പ്രചരണത്തെ പ്രതിരോധിച്ചുനിര്‍ത്താനാകും ശ്രമം. സ്വര്‍ണം നഷ്ടപ്പെട്ടത് ഉണ്ണികൃഷ്ണന് പോറ്റിയില്‍നിന്നാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരേ കേസെടുക്കുന്നില്ലെന്ന ചോദ്യമാണ് സര്‍ക്കാര്‍ നേരിടുന്നത്. എല്ലാം ഹൈക്കോടതിയല്ലേ തീരുമാനിക്കുന്നത് എന്നതിലൂന്നിയാണ് അതിനെ പ്രതിരോധിക്കുന്നത്.

ശബരിമലയില്‍നിന്ന് സ്വര്‍ണം മോഷണംപോയി എന്ന രീതിയിലുള്ള പ്രചാരണത്തിന് ഊന്നല്‍ലഭിക്കരുതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ മറ്റൊരു നിര്‍ദേശം. അത് വിശ്വാസികളില്‍ വലിയരീതിയില്‍ സ്വാധീനിക്കാന്‍ ഇടയുള്ള പ്രചാരണമാണ്. ‘ദ്വാരപാലക ശില്പപ്പാളി’ എന്ന രീതിയില്‍ മാത്രമാകും പാര്‍ട്ടി നേതാക്കളുടെ പ്രയോഗം.

ശബരിമലയില്‍ സ്വര്‍ണം പൊതിഞ്ഞ 1998 മുതലുള്ള കാര്യങ്ങള്‍ അന്വേഷണം വേണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. 2019 മുതലുള്ള കാര്യംമാത്രം അന്വേഷണപരിധിയില്‍ ഉള്‍പ്പെട്ടാല്‍ അതില്‍ കണ്ടെത്തുന്ന ഓരോ വീഴ്ചയും പിണറായി സര്‍ക്കാരിന് ബാധ്യതയാകുന്നതാകും.
