കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കു നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഡോ. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടു മാസം മുൻപ് മരണപ്പെട്ട ഒൻപതുവയസുകാരിയുടെ പിതാവാണ് ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ചത്.

സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ മുഴുവൻ സേവനവും നിർത്തിവെക്കുന്നതായി സംഘടന അറിയിച്ചു. നാളെ കോഴിക്കോട് ജില്ലയിലെ മുഴുവൻ ആശുപത്രികളിലെയും ഒപി ബഹിഷ്കരിക്കുമെന്ന് സംഘടനയുടെ ജില്ല ഭാരവാഹികൾ അറിയിച്ചു. അത്യാഹിത വിഭാഗം മാത്രമായിരിക്കും നാളെ പ്രവർത്തിക്കുക.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്രതി സനൂപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ‘എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ’ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം നടത്തിയത്. പരിക്കേറ്റ ഡോക്ടര്‍ വിപിനെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഓഗസ്റ്റ് 14-നായിരുന്നു സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കുട്ടിയുടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. പരിശോധനയിൽ കുട്ടിയുടെ മരണകാരണം മസ്തിഷ്ക ജ്വരമാണെന്ന് വ്യക്തമാവുകയായിരുന്നു. കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു.

