കൊച്ചി: അടിയന്തരഘട്ടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന് സിപിഎമ്മിന്റെ ചുമട്ടുതൊഴിലാളി യൂണിയനായ സിഐടിയു റെഡ് ബ്രിഗേഡ് സേനയെ രംഗത്തിറക്കുന്നു. സിപിആര്‍ ഉള്‍പ്പെടെ അടിയന്തര സാഹചര്യങ്ങളില്‍ ജീവന് രക്ഷാമാര്‍ഗങ്ങള്‍ നല്കുന്ന പരിശീലനം ലഭിച്ച 5,000 വളണ്ടിയര്‍മാരെ സംസ്ഥാനത്ത് വിന്യസിക്കാനാണ് സിഐടിയു പദ്ധതിയിടുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടം ഡിസംബറോടെ ആരംഭിക്കും. അടുത്ത ഘട്ടത്തില്‍, സംസ്ഥാനത്തുടനീളമുള്ള 48,000 ചുമട്ടു തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാനുമാണ് സിഐടിയു ലക്ഷ്യമിടുന്നത്. റോഡപകടങ്ങളിലും മറ്റ് ദുരന്തങ്ങളിലും സേവനങ്ങള്‍ നല്കാന് ഫസ്റ്റ് റെസ്പോണ്‍സ് ടീമിന് രൂപം നല്കാന് ഒരു വലിയ വളണ്ടിയര്‍ സേനയെ തയാറാക്കുകയാണ് ലക്ഷ്യം.
‘പ്രഥമശുശ്രൂഷ നല്കുന്നതില് ആദ്യ ഘട്ടത്തില്‍, 1,000 തൊഴിലാളികള്‍ക്ക് പരിശീലനം ലഭിച്ചു. റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് ചികിത്സ നല്‍കുന്നത്, ഹൃദയാഘാതം സംഭവിക്കുമ്പോള്‍ സിപിആര്‍ നല്കല്, തീപിടിത്തങ്ങളില്‍ അടിയന്തര ഇടപെടല്‍ എന്നിവയില്‍ ഇവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

ആശുപത്രികള്‍, ഡോക്ടര്‍മാര്‍, വിരമിച്ച ഫയര്‍ ഓഫീസര്‍മാര്‍ എന്നിവര്‍ വളണ്ടിയര്‍മാരെ പരിശീലിപ്പിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഡിസംബറില്‍, മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും, ഡോക്ടര്‍മാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പരിശീലനം നേടിയ റെഡ് ബ്രിഗേഡിലെ 5,000 വളണ്ടിയര്‍മാര്‍ക്ക് പാസൗട്ട് നല്‍കും.

