കൊച്ചി: ഭൂട്ടാനിൽനിന്ന് നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങൾ പിടികൂടാൻ കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത കാർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ കസ്റ്റംസ് അഡീഷണൽ കമ്മീഷണർക്ക് അപേക്ഷ നൽകി. ദുൽഖർ സൽമാൻ്റെ മൂന്ന് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിൽ ലാൻഡ് റോവർ വിട്ടുകിട്ടാൻ വേണ്ടിയാണു നടൻ അപേക്ഷ നൽകിയിരിക്കുന്നത്.

ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടതിൻ്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകൻ വഴി അപേക്ഷ നൽകിയിട്ടുള്ളത്. അപേക്ഷ പരിഗണിച്ച് രേഖകൾ പരിശോധിച്ച ശേഷം കസ്റ്റംസ് അഡീഷണൽ കമ്മീഷണർ അന്തിമ തീരുമാനമെടുക്കും. വാഹനം വിട്ടുനൽകാൻ സാധിക്കില്ലെങ്കിൽ കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി നേരത്തെ കസ്റ്റംസിനോട് നിർദേശിച്ചിരുന്നു.
അതേസമയം, കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ കസ്റ്റംസ് ശ്രമം തുടരുകയാണ്. അന്വേഷണം ഒരു മാസം പിന്നിട്ടിട്ടും ആദ്യഘട്ടത്തിൽ കണ്ടെത്തിയ 39 വാഹനങ്ങൾക്കപ്പുറം പുതിയതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ, ഷൈൻ മോട്ടോഴ്സ് ഉടമകളാണ് കോയമ്പത്തൂരിലെ ഇടനിലക്കാരെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്.

ഫോറൻസിക് തെളിവുകൾക്കായി കാത്തിരിക്കുന്ന ഇ.ഡി., തെളിവ് ലഭിച്ചാൽ കടുത്ത നടപടികളിലേക്ക് കടക്കും. ഷൈൻ മോട്ടോഴ്സ് ഉടമകളുടെ മൊഴിയെടുക്കാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ടെങ്കിലും, ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇ.ഡി. ഇതുവരെ തീരുമാനമെടുത്തിട്ടില്ല

