പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാഴ്ചത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ 13 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്.

വ്യാഴാഴ്ച രാവിലെയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പാളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് അറസ്റ്റ്. എസ്ഐടി അന്വേഷണം തുടങ്ങി ആറാം ദിവസമാണ് കേസിലെ നിർണായക നടപടി. ഇന്നലെ പത്ത് മണിക്കൂറിലേറെ സമയമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം മേധാവി എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി.

ദ്വാരകപാലക പാളിയിൽ നിന്നും കട്ടിളപ്പടികളിൽ നിന്നും ഏകദേശം രണ്ട് കിലോ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കൈക്കലാക്കിയെന്ന് അറസ്റ്റ് റിപ്പോർട്ടിൽ എസ്ഐടി കോടതിയെ ബോധിപ്പിച്ചത്. കൃത്യത്തിന് കൂട്ടുനിന്ന് മറ്റ് പ്രതികളുടെ പങ്ക് അറിയണമെങ്കിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ഇത് പൂർണമായി അംഗീകരിച്ചാണ് കോടതി ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാഴ്ചത്തെ കസ്റ്റഡിയിൽ വിട്ടത്.

കസ്റ്റഡിയിൽ വിട്ടുകിട്ടിയ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം ഉടൻ തെളിവെടുപ്പിന് പോയേക്കും. ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിലാണ് നീക്കം. അഡ്വ. വിൽസൺ വേണാട്ട്, അഡ്വ. ലെവിൻ തോമസ് എനിവരാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ഹാജരായത്. അടച്ച മുറിയിലാണ് കേസ് പരിഗണിച്ചത്.അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും പ്രതിയും മാത്രമായിരുന്നു കോടതിയിൽ ഉണ്ടായിരുന്നത്.
അതേസമയം, സ്വർണക്കൊള്ള കേസിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും. സ്വർണ്ണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് രേഖപ്പെടുത്തി കൈമാറിയത് വാസുവിന്റെ കാലത്താണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങള പ്രതിയാക്കിയതിന് പിന്നാലെ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെയും അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനുള്ള എസ്ഐടി നീക്കം. എന്നാൽ ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണർക്കാണെന്ന് എൻ വാസു പ്രതികരിച്ചു.
