ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ ഭാഗമായ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ എല്‍ഡിഎഫില്‍ തര്‍ക്കം തുടരുന്നതിനിടെ ഡല്‍ഹിയിലും തിരക്കിട്ട ചര്‍ച്ചകള്‍. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ സിപിഐക്ക് ഉള്ള എതിര്‍പ്പ് സിപിഎം ദേശീയ നേതൃത്വത്തെ ധരിപ്പിക്കുന്നതിനായാണ് കൂടിക്കാഴ്ച.

കേന്ദ്ര സര്‍ക്കാരുമായി ഒപ്പുവച്ച ധാരണയില്‍ നിന്നും പിന്മാറണമെന്ന് ഡി രാജ എം എ ബേബിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭിന്നത കേരളത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന നിലപാടാണ് എം എ ബേബി സ്വീകരിച്ചത്. ഫണ്ട് നിഷേധിച്ചത് മറികടക്കാനാണ് പദ്ധതിയുമായി സഹകരിച്ചത്. ഇതുമൂലം വര്‍ഗീയ വല്‍ക്കരണം ഉണ്ടാകില്ല. പി എം ഉഷ നടപ്പാക്കിയിട്ടും കേരളത്തില്‍ വിദ്യാഭ്യാസത്തില്‍ വര്‍ഗീയവല്‍ക്കരണം നടപ്പാക്കിയിട്ടില്ല. വിഷയം കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും എന്നും എം എ ബേബി ഡി രാജയെ അറിയിച്ചതായാണ് സൂചന.
ധാരണാ പത്രത്തില്‍ നിന്നും പിന്മാറണം എന്ന സിപിഐ നിലപാട് സിപിഎം ജനറല്‍ സെക്രട്ടറിയെ അറിയിച്ചെന്ന് ഡി രാജ വ്യക്തമാക്കി. ഇനിയുള്ള തീരുമാനം പൂര്‍ണമായും സിപിഎമ്മിന്റെതാണെന്നും ഡി രാജ പറഞ്ഞു.

ഡല്‍ഹിയില്‍ സിപിഐ ദേശീയ എക്സിക്യുട്ടീവ് ചേരുന്നതിനിടെയാണ് രാജ എകെജി ഭവാനിലെത്തി എം.എ ബേബിയുമായി കൂടിക്കാഴ്ച നടത്തിയത്. ഉച്ചയ്ക്ക് 1.50ഓടെയാണ് ഡി. രാജ എകെജി സെന്ററിലെത്തിയത്. മുന്നണി മര്യാദകള്‍ പാലിക്കാതെയും സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചും സിപിഎം വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതിലുള്ള അതൃപ്തിയും ഡി രാജ അറിയിച്ചു. തര്‍ക്ക വിഷയങ്ങള്‍ ഉള്‍പ്പെടെ വിശദമായി ചര്‍ച്ച ചെയ്യുമെന്നും കൂടിക്കാഴ്ചയില്‍ പ്രതീക്ഷയുണ്ടെന്നും ഡി. രാജ യോഗത്തിന് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

