ചെന്നൈ: കരൂരിൽ ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ, ഇരകളുടെ കുടുംബങ്ങളെ തിങ്കളാഴ്ച നേരിൽ കാണാൻ വിജയ്. 41 കുടുംബങ്ങളെയും ഞായറാഴ്ച ഉച്ചയോടെ ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്ത് എത്തിക്കാനാണ് നീക്കമെന്ന് ഉന്നത ടിവികെ വൃത്തങ്ങൾ പറഞ്ഞു.

വിജയ് കരൂരിലെത്തുന്നതിനു പകരം കുടുംബങ്ങളെ ചെന്നൈയിലേക്ക് വിളിപ്പിച്ചതിൽ, മരണപ്പെട്ട ഒരു വിഭാഗം ആളുകളുടെ കുടുംബങ്ങൾക്ക് നീരസമുണ്ടെന്നാണ് വിവരം. വിജയ്യെ കാണാമെന്ന് 20 കുടുംബങ്ങൾ സമ്മതിച്ചിട്ടുണ്ടെന്ന് മുതിർന്ന ടിവികെ പ്രവർത്തകൻ അറിയിച്ചു. എന്നാൽ, 21 കുടുംബങ്ങൾ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരകളുടെ വീട്ടിൽ നേരിട്ടെത്തുന്നതിനു പകരം ചെന്നൈയിൽ കൂടിക്കാഴ്ച നടത്തുന്നതിലെ യുക്തി പലരും ചോദ്യം ചെയ്തതായി അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കെ, തിങ്കളാഴ്ച സൂപ്പർസ്റ്റാർ എന്തിനാണ് തങ്ങളെ ചെന്നൈയിലേക്ക് വിളിക്കുന്നതെന്ന് ഒരു കുടുംബം ചോദിച്ചുവെന്നും ടിവികെ നേതാവ് പറഞ്ഞു. വിജയ്യുടെ തീരുമാനത്തോട് ടിവികെയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെന്നാണ് വിവരം.

