ഇസ്രായേലില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചെന്ന് സംവിധായകന് ബ്ലെസി. ഡിസംബറില്‍ നടക്കുന്ന വെലല്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണമാണ് ബ്ലെസി നിരസിച്ചത്. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവിടെ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ ഏത് വിധത്തിലാകും എന്ന് ബോധ്യമുള്ളതിനാലാണ് ക്ഷണം നിരസിച്ചതെന്നാണ് ചന്ദ്രികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ബ്ലെസി പറയുന്നത്.

അതേസമയം ആടുജീവിതത്തിന് ദേശീയ അവാര്‍ഡ് ലഭിക്കാതെ പോയപ്പോള്‍ പ്രതികരിക്കാതിരുന്നത് ഭയം മൂലമാണെന്നും ബ്ലെസി പറയുന്നുണ്ട്. ”ഞാനുള്‍പ്പെടുന്ന കലാകാരന്മാരും പ്രതികരണത്തെ ഭയപ്പെടുകയാണ്. ധൈര്യക്കുറവല്ല. മറിച്ച് ധൈര്യത്തെ മൂടുന്ന ഭയമാണ് പ്രശ്നം” എന്നാണ് അദ്ദേഹം പറയുന്നത്.
‘ഗള്‍ഫില്‍ നടന്ന സെമ അവാര്‍ഡ്ദാന ചടങ്ങില്‍ ബെസ്റ്റ് ഫിലിം ഡയറക്ടര്‍ എന്ന നിലയില്‍ പങ്കെടുത്തപ്പോള്‍ മഹാ രാജ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ എന്നോട് ചോദിച്ചു. നാഷണല്‍ അവാര്‍ഡ് കിട്ടാതെ പോയപ്പോള്‍ നിങ്ങള്‍ സോഫ്റ്റായിട്ടാണല്ലോ പ്രതികരിച്ചത്.ഞാന്‍ മറുപടിയായി പറഞ്ഞു.എത്ര ഉറക്കെ സംസാരിച്ചാലും ഒന്നും സംഭവിക്കില്ല എന്നെനിക്കറിയാം. സ്വസ്ഥത നഷ്ടമാവും. ഈഡിയുടെ വേട്ടയാടലും പ്രതീക്ഷിക്കാം. ഇങ്ങിനെയുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം കലാകാരന്മാര് പോലും മൗനം പാലിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്” എന്നാണ് ബ്ലെസി പറയുന്നത്.

ദേശീയ അവാര്‍ഡില്‍ ആടുജീവിതത്തെ തഴഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു. മികച്ച നടന്, സംവിധായകന്, ഛായാഗ്രഹണം, തുടങ്ങിയ 14 വിഭാഗത്തില്‍ ആടുജീവിതം ഇടം പിടിച്ചിരുന്നു. എന്നാല്‍ ഒന്നിനും പുരസ്കാരം ലഭിച്ചില്ല. ആടുജീവിതത്തെ തഴഞ്ഞ് കേരളത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രൊപ്പഗണ്ട ചിത്രമായ കേരളസ്റ്റോറിയ്ക്ക് അവാര്‍ഡ് നല്കിയതും വിമര്‍ശിക്കപ്പെട്ടിരുന്നു.

