കൊല്ലം: ആയൂരിൽ ആഭിചാരക്രിയക്ക് തയ്യാറാവാത്തതിൻ്റെ പേരിൽ ഭാര്യയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറി ഒഴിച്ച് പൊള്ളലേൽപ്പിച്ചു.ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. ഭാര്യയുടെ ശരീരത്ത് സാത്താൻ്റെ ശല്യം ഉണ്ടെന്ന് പറഞ്ഞാണ് റജിലയെ ഭർത്താവ് സജീർ ആക്രമിച്ചത്.

ഇന്നലെ രാവിലെ മന്ത്രവാദിയെ കണ്ട ശേഷം ജപിച്ച് നൽകിയ ചരടുകൾ ശരീരത്ത് ധരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടാവുകയായിരുന്നു. മുടിയഴിച്ചിട്ട് മന്ത്രവാദ കർമ്മങ്ങൾ നടത്താൻ റജിലയെ നിർബന്ധിച്ചു, വഴങ്ങാതിരുന്നതോടെ അടുക്കളയിൽ ഇരുന്ന തിളച്ച മീൻ കറി റജിലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
പൊള്ളലേറ്റ റജിലയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി. ആദ്യം ആയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അഞ്ചലിലെ ആശുപത്രിയിലും റജിലയെ എത്തിക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ റജില ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ഒളിവിൽ പോയ ഭർത്താവ് സജീറിനെ പിടികൂടാനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആഭിചാരക്രിയ നടത്താൻ സജീറിനെ പ്രേരിപ്പിച്ച മന്ത്രവാദിയെ കേന്ദ്രീകരിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുകയാണ്. മുൻപ് നിരവധി തവണ ഭർത്താവ് അക്രമിച്ചിട്ടുണ്ടെന്ന് റജില പറഞ്ഞു.

