ഹോക്കിയില്‍ ഗോള്‍മുഖത്തെ ടൈഗര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ട ഹോക്കി താരവും ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ആദ്യത്തെ മലയാളിയുമായ മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു. ബെംഗളുരുവിലായിരുന്നു അന്ത്യം. കണ്ണൂര്‍ ബര്‍ണശ്ശേരി സ്വദേശിയാണ്.

ഹോക്കി താരം മാനുവല്‍ ഫ്രെഡറിക് വിടവാങ്ങുമ്പോള്‍ രാജ്യത്തിന് നഷ്ടമാകുന്നത് ഇന്ത്യന്‍ ഹോക്കിക്ക് സ്വപ്നചിറകുകള്‍ നല്കിയ ഒളിംപ്യനെ. 1972-ലെ മ്യൂണിക്ക് ഒളിംപിക്സിലാണ് കേരളത്തിന് ആദ്യമായി ഒളിംപിക് മെഡല്‍ ലഭിക്കുന്നത്.
ഇന്ത്യ വെങ്കല മെഡല്‍ നേടിയിരുന്ന ആ ഒളിംപിക്സില്‍ കളിച്ച 6 കളികളില്‍ നിന്ന് എട്ട് ഗോളുകള്‍ മാത്രം വഴങ്ങിയാണ് മാനുവല്‍ ഫ്രെഡറിക് മികച്ചപ്രകടനം കാഴ്ചവെച്ചത്. എന്നാല്‍ വെങ്കല മെഡല്‍ നേടിയിരുന്ന ടീമിലെ ഏഴ് പേര്‍ക്കും അര്‍ജ്ജുന അവാര്‍ഡ് നല്കി രാജ്യം ആദരിച്ചപ്പോള്‍ ഏറ്റവും മികച്ച പ്രകടനത്തിലൂടെ നമ്മുടെ രാജ്യത്തിന് വെങ്കല മെഡല്‍ നേടി തരുന്നതില്‍ പ്രധാന പങ്ക് വഹിച്ച മാനുവല്‍ ഫ്രെഡറികിനെ തഴഞ്ഞു. അന്ന് താരത്തിനായി വാദിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

ഒരു ഒളിംപിക്സിലും, രണ്ട് ലോകകപ്പിലും, നിരവധി രാജ്യാന്തര മത്സരങ്ങളിലുമായി എട്ട് വര്‍ഷങ്ങളോളം ഇന്ത്യയ്ക്ക് വേണ്ടി ജഴ്സിയണിഞ്ഞ താരമാണ് മാനുവല്‍ ഫ്രെഡറിക്. 1972-ലെ മ്യൂണിക്ക് ഒളിംപിക്സില്‍ വെങ്കല മെഡല്‍, 1973-ലെ ഹോളണ്ട് ലോകകപ്പ് ചാംപ്യന്‍ഷിപ്പിലെ വെളളി, 1978-ല്‍ അര്‍ജന്റീനയില്‍ നടന്ന ലോക കപ്പ് മത്സരത്തില്‍ നാലാം സ്ഥാനവും തുടങ്ങി ഇന്ത്യയുടെ മികച്ച പ്രകടനങ്ങള്‍ മാനുവല്‍ ഫ്രെഡറിക്കിന്റെ മാന്ത്രിക സേവിലൂടെയായിരുന്നു. എട്ട് തവണ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ വിജയിപ്പിച്ച് കിരീട നേട്ടത്തിലെത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച താരമാണ് മാനുവല്‍. ഈ അതുല്യ പ്രതിഭയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്കുവാന് രാജ്യത്തിനോ, ഒരു പരിധി വരെ കേരളത്തിനും സാധിച്ചില്ല.

