തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാമത്തെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം റാന്നി കോടതിയിൽ ഹാജരാക്കും.

ഇന്നലെ തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇയാളെ ചോദ്യം ചെയ്തിരുന്നു. 2019 കാലത്ത് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു സുധീഷ് കുമാർ.
ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലേത് സ്വര്‍ണപ്പാളികള്‍ അല്ലെന്നും ചെമ്പുപാളികള്‍ ആണെന്നും റിപ്പോര്‍ട്ട് ചെയ്തത് സുധീഷ്കുമാര്‍ എക്സിക്യൂട്ടീവ് ഓഫീസറായിരിക്കേ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവായിരുന്നു.

കേസിൽ നേരത്തെ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന് പോറ്റി, മുരാരി ബാബു എന്നിവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുധീഷ് കുമാറിനെ ചോദ്യം ചെയ്തത്. അതേസമയം, ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ വാസുദേവനെ ചോദ്യം ചെയ്ത് വിട്ടയച്ചു.

