തിരുവനന്തപുരം: കവി കെ.ജി.ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സ്വന്തം ജീവിതാവസ്ഥയുടെ ജനകീയ വിചാരണകളായിരുന്നു കെ.ജി.എസിന്റെ കവിതകളെന്ന് പുരസ്കാര പ്രഖ്യാപന വേളയിൽ മന്ത്രി പറഞ്ഞു.

എൻ.എസ്.മാധവൻ ചെയർമാനും കെ.ആർ.മീര, ഡോക്ടർ കെ.എം.അനിൽ എന്നിവർ അംഗങ്ങളും കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫസർ സി.പി.അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ പുരസ്കാരനിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കേരളത്തിലെ ആധുനിക കവികളിൽ ഏറ്റവും ജനപ്രിയനായ ഒരാളാണ് കെ.ജി.ശങ്കരപ്പിള്ള. 1970-കളിൽ ‘ബംഗാൾ’ എന്ന കവിതയിലൂടെയാണ് ശ്രദ്ധേയനായത്.
1998 ൽ കേരള സാഹിത്യ അക്കാദമി അവാർഡും 2002ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. 2008ലെ പി.കുഞ്ഞിരാമൻ നായർ അവാർഡ്, 2009ലെ ഓടക്കുഴൽ അവാർഡ്, 2009ലെ ഹബീബ് വലപ്പാട് അവാർഡ്, 2011ലെ പന്തളം കേരള വർമ്മ കവിതാ പുരസ്കാരം, 2018ലെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 2020ലെ കടമ്മനിട്ട രാമകൃഷ്ണൻ അവാർഡ് തുടങ്ങിയവയാണ് മറ്റു പ്രധാന പുരസ്കാരങ്ങൾ. 2019ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിരുന്നു.

അദ്ദേഹത്തിന്റെ മലയാള രചനകൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും ചൈനീസ്, ഫ്രഞ്ച്, ജർമ്മൻ, ഇംഗ്ലീഷ്, സിംഹള ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലായിരുന്നു.

