ചെന്നൈ: തന്നെ ബി ജെ പിക്കാരനാക്കാന് നിരന്തരം ശ്രമിക്കുന്നുണ്ടെന്നും തനിക്ക് ബി ജെ പിക്കാരൻ ആകേണ്ടെന്നും സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. തിരുവള്ളുവരേയും ബി ജെ പിക്കാരനാക്കാന് ശ്രമിക്കുന്നുണ്ട്. ബി ജെ പിയുടെ കെണിയില്‍ തിരുവള്ളുവരും താനും പെടില്ലെന്നും രജിനകാന്ത് ചെന്നൈയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വർഷങ്ങൾക്ക് മുൻപ്, രജനികാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അന്ന് ബി ജെ പിയോട് ചേർന്നുള്ള രാഷ്ട്രീയ പരീക്ഷണമെന്നായിരുന്നു സൂചനകൾ. തുടർന്നും പലപ്പോഴും ബി ജെ പി അദ്ദേഹത്തോട് വലിയ അടുപ്പം പുലർത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രജനികാന്തിൻ്റെ പുതിയ അഭിപ്രായപ്രകടനം.
നിലവില്‍ 74 വയസുള്ള രജനികാന്ത് അഭിനയം നിർത്തുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.

46 വര്‍ഷത്തിന് ശേഷം കമല്‍ ഹാസനുമൊത്തുള്ള സിനിമയടക്കം നാല് ചിത്രങ്ങളിലേ അഭിനയിക്കൂ എന്നാണ് റിപ്പോർട്ട്. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാൽ, രജനികാന്തോ അദ്ദേഹത്തോട് ബന്ധമുള്ളവരോ അഭിനയം നിർത്തുന്നത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

