തിരുവനന്തപുരം: അതിദാരിദ്ര മുക്ത പ്രഖ്യാപനം നവകേരളത്തിലേക്കുള്ള ചവിട്ടുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന അതിദാരിദ്ര മുക്ത പൊതു പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണ്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിദാരിദ്ര മുക്ത പ്രഖ്യാപനത്തെ സംബന്ധിച്ച് നിർഭാഗ്യകരമായ ഒരു പരാമർശം കേട്ടെന്നും അതിലേക്ക് തൽക്കാലം കടക്കുന്നില്ലെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
“നാടിന്റെ ഒരുമ കൊണ്ടാണ് ഇത് നേടാനായത്. ഓരോ കുടുംബത്തിലെയും അതിദാരിദ്യ അവസ്ഥ മാറുന്നത് മന്ത്രിസഭ വിലയിരുത്തി. 4,70,000 ൽ അധികം വീടുകൾ യാഥാർഥ്യമാക്കി. എൽഡിഎഫ് പ്രഖ്യാപിച്ച ഓരോ വാഗ്ദാനവും യാഥാർഥ്യമാക്കുന്നു. ഇതിൽ ചാരിത്യാർത്ഥ്യം ഉണ്ട്”.- മുഖ്യമന്ത്രി പറഞ്ഞു
കേരളത്തിൻറെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചത്. “മാതൃശിശു മരണ നിരക്കിൽ അമേരിക്കയേക്കാൾ താഴെയാണ് കേരളമെന്നും ഇതാണ് യഥാർഥ കേരള സ്റ്റോറി. കുന്നു കൂടുന്ന സമ്പത്തല്ല, ജനങ്ങൾക്ക് നൽകുന്ന കരുതലാണ് കാര്യം. പ്രസവചികിത്സയിലും അമേരിക്കയിലേക്കാൾ മെച്ചമാണ്. ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള ജനത കേരളത്തിലാണ്.” – മുഖ്യമന്ത്രി പറഞ്ഞു.
