ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനിൽ യാത്രയ്ക്കിടെ അജ്ഞാതരിൽ നിന്ന് കുത്തേറ്റ് നിരവധി യാത്രക്കാർക്ക് പരിക്ക്. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാല സിറ്റിയിൽ നിന്ന് ഹണ്ടിംഗ്ടണിലേക്ക് പോകുമ്പോഴാണ് ട്രെയിനിൽ യാത്രക്കാർക്ക് നേരെ അതിക്രൂരമായ ആക്രമണം നടന്നത്.

സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒൻപത് പേരുടെ നില ഗുരുതരമാണ്.ആക്രമണത്തിന് ഇരയായ യാത്രക്കാർ ചോരയിൽ കുളിച്ച നിലയിലായിരുന്നു. ഇവരെ ഉടനടി ആശുപത്രിയിൽ പ്രവേശിച്ചു.
പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനു പിന്നാലെ ഹണ്ടിംഗ്ടൺ നഗരത്തിലേക്കും ലണ്ടനിലേക്കും നോർത്ത് ഈസ്റ്റേൺ റെയിൽവേയിലേക്കും (എൽഎൻഇആർ) പോകുന്ന ട്രെയിനുകൾ തടസപ്പെട്ടതായി അധികൃതർ അറിയിച്ചു. അതേസമയം, പ്രതികൾ യാത്രക്കാരെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല.

ഹണ്ടിംഗ്ടണിൽ നടന്ന സംഭവത്തിൽ അഗാധമായി ദുഖം ഉണ്ടെന്ന് യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു. ഈ അവസരത്തിൽ ജനങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അവർ നിർദേശിച്ചു. സംഭവത്തിൽ സംശയിക്കുന്ന രണ്ട് പേരെ ഉടൻ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരികയാണ്. പുതിയ വിവരങ്ങൾ ലഭിക്കുമ്പോൾ അറിയിക്കുന്നതായിരിക്കും എന്നും അവർ കൂട്ടിച്ചേർത്തു.

