കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈറ്റിലേക്ക് എത്തുകയാണ്. 28 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിന്റെ ഒരു മുഖ്യമന്ത്രി കുവൈറ്റിൽ എത്തുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. മുഖ്യമന്ത്രിയെ കാണാനും കേൾക്കാനും വേണ്ടി പ്രവാസി മലയാളികൾ അങ്ങേയറ്റം ആവേശത്തിലാണ്.

വെള്ളിയാഴ്ച കുവൈത്തിലെ മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന മഹാസമ്മേളനം നടക്കുന്നത്. ഈ പരിപാടിയിൽ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ നടത്തിയിട്ടുള്ളത്. ലോക കേരള സഭ, മലയാളം മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
വൈകിട്ട് 5 മണിക്ക് തന്നെ മഹാസമ്മേളനം ആരംഭിക്കും. ദിവസങ്ങളായി ഇതിനായുള്ള പ്രവർത്തനങ്ങളിലാണ് സംഘാടകർ. കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾക്ക് സമ്മേളന സ്ഥലത്ത് എത്തിച്ചേരാൻ വാഹന സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ കേരള ചീഫ് സെക്രട്ടറി, എംഎംഎസ്എഫിന്റെ പ്രതിനിധികൾ തുടങ്ങിയവരും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

വെള്ളിയാഴ്ചത്തെ കുവൈറ്റിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി ശനിയാഴ്ച അബുദാബിയിൽ എത്തും. ഞായറാഴ്ച അബുദാബി സിറ്റി ഗോൾഫ് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന മറ്റൊരു വലിയ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. ലോക കേരള സഭ, മലയാളം മിഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടിയാണ് ഞായറാഴ്ച അബുദാബിയിൽ നടക്കുന്നത്. ഇവിടെയും വലിയ ഒരുക്കങ്ങൾ തന്നെയാണ് നടക്കുന്നത്

