കോട്ടയം: കോട്ടയം മണർകാട് ആഭിചാരക്രിയയുടെ പേരിൽ ക്രൂരത. യുവതിയെ മണിക്കൂറുകളോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ഭർത്താവും മന്ത്രവാദിയും അടക്കം മൂന്നുപേർ അറസ്റ്റിലായി. പത്തനംതിട്ട സ്വദേശി ശിവൻ, തിരുവഞ്ചൂർ സ്വദേശി അഖിൽദാസ്, ഇയാളുടെ പിതാവ് ദാസ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ രണ്ടാം തീയതിയാണ് ആഭിചാരക്രിയകളുടെ പേരിൽ യുവതിയെ ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയ ആക്കിയത്. മരിച്ചുപോയ ബന്ധുക്കളുടെ ആത്മാവ് ശരീരത്തിൽ ഉണ്ടെന്ന് പറഞ്ഞായിരുന്നു ആഭിചാരക്രിയ.
യുവതി മണര്‍കാട് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. അപ്പോഴാണ് ആത്മാക്കള്‍ യുവതിയുടെ ശരീരത്തില്‍ കയറിയിട്ടുണ്ടെന്ന് ഭര്‍തൃമാതാവ് പറഞ്ഞ് മന്ത്രവാദിയെ കൂട്ടിക്കൊണ്ടുവരകിയും ആഭിചാരക്രിയ നടത്തുകയും ചെയ്തത്.

ആഭിചാരക്രിയ രാവിലെ 11 മണി മുതല്‍ രാത്രി ഒമ്പത് മണി വരെ നീണ്ടു നിന്നു. ഈ സമയത്ത് ക്രൂര പീഡനങ്ങളാണ് യുവതിയ്ക്ക് ഏല്‍ക്കേണ്ടി വന്നത്. ആഭിചാരക്രിയയ്ക്ക് ഇടയില്‍ ബലമായി മദ്യം കുടിപ്പിക്കുകയും ബീഡി വലിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്തു. പീഡനം സഹിക്കാതെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ഭർത്താവിന്റെ മാതാവ് അടക്കം മറ്റു പ്രതികൾ ഒളിവിലാണ്. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. മണർകാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

