കൊച്ചി: എറണാകുളം – ബെംഗളൂരു അടക്കം നാലു പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഇന്നു രാവിലെ വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ നിന്ന് ഓൺലൈനായാണ് പ്രധാനമന്ത്രി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുക. എറണാകുളം – ബെംഗളൂരുവിനു പുറമെ ബനാറസ്–ഖജുരാഹോ, ലഖ്നൗ–സഹാരൻപൂർ, ഫിറോസ്പൂർ–ഡൽഹി എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

പാലക്കാട് വഴി കേരളത്തിൽ നിന്ന് സർവ്വീസ് നടത്തുന്ന ആദ്യത്തെ വന്ദേഭാരതാണ് എറണാകുളം-ബെംഗളൂരു സർവ്വീസ്. നിലവിൽ സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന രണ്ടു വന്ദേഭാരത് സർവ്വീസുകളും തിരുവനന്തപുരം-മംഗലാപുരം റൂട്ടിലാണ്. എറണാകുളം – ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതോടെ റൂട്ടിലെ യാത്രാ സമയം 2 മണിക്കൂറിലധികം കുറയും. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ 630 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റിൽ പിന്നിടാനാകും.
നവംബര്‍ 11 മുതലാണ് എറണാകുളം ജങ്ഷനില്‍ നിന്ന് കെഎസ്ആര് ബെംഗളൂരു സ്റ്റേഷനിലേക്കും തിരിച്ചും സര്‍വീസ് നടത്തുക. എട്ടു കോച്ചുകളുള്ള വന്ദേഭാരത് ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുക. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും.

ബെംഗളൂരു–എറണാകുളം (26651): രാവിലെ 5.10നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളം ജംക്ഷനിൽ എത്തും. കെ.ആർ പുരം (5.25), സേലം (8.13), ഈറോഡ് (9), തിരുപ്പൂർ (9.45), കോയമ്പത്തൂർ (10.33), പാലക്കാട് (11.28), തൃശൂർ (12.28).

എറണാകുളം ജംക്ഷൻ– ബെംഗളൂരു (26652): ഉച്ചകഴിഞ്ഞ് 2.20നു പുറപ്പെട്ട് രാത്രി 11നു ബെംഗളൂരുവിൽ എത്തും. തൃശൂർ (3.17), പാലക്കാട് (4.35), കോയമ്പത്തൂർ (5.20), തിരുപ്പൂർ (6.03), ഈറോഡ് (6.45), സേലം (7.18), കെ.ആർ പുരം (10.23).
