ന്യൂഡല്‍ഹി: കഴിഞ്ഞ ജൂണ്‍ 12ന് അഹമ്മദാബാദില്‍ 260 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് എയര്‍ ഇന്ത്യ ഡ്രീംലൈനറിന്റെ ചീഫ് പൈലറ്റിനെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പൈലറ്റിന്റെ 91 വയസുള്ള പിതാവിന് ഒരു തരത്തിലുള്ള മാനസികപ്രയാസവും സൃഷ്ടിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു.

”പ്രാഥമിക റിപ്പോര്‍ട്ടില്‍ പോലും പൈലറ്റിനെതിരെ ഒരു സൂചനയും ഇല്ല”, ജസ്റ്റിസുമാരായ സൂര്യ കാന്തും ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘നിര്‍ഭാഗ്യകരമായ’ വിമാനാപകടത്തിന് പൈലറ്റിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു.
മരിച്ച പൈലറ്റ് ക്യാപ്റ്റന്‍ സുമീത് സഭര്‍വാളിന്റെ പിതാവ് പുഷ്കരാജ് സഭര്‍വാളിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിനും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനും (ഡിജിസിഎ) നോട്ടീസ് അയച്ചു.

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പുഷ്കരാജ് സബര്‍വാളും ഫെഡറേഷന് ഓഫ് ഇന്ത്യന്‍ പൈലറ്റ്സും സുപ്രീംകോടതിയെ സമീപിച്ചത്. ” ഒന്നാമതായി, അതൊരു നിര്‍ഭാഗ്യകരമായ വിമാനാപകടമായിരുന്നു, രണ്ടാമതായി, നിങ്ങളുടെ മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം നിങ്ങള്‍ സ്വയം വഹിക്കരുത്.വിമാനാപകടത്തിന് പൈലറ്റിനെ കുറ്റപ്പെടുത്തേണ്ടതില്ല. അതൊരു അപകടമായിരുന്നു”, പുഷ്കരാജ് സബര്വാളിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ ശങ്കരനാരായണനോട് ബെഞ്ച് പറഞ്ഞു.

