വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങുമായി ബന്ധപ്പെട്ട് ആദ്യ യാത്രയിൽ കുട്ടികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ച് വീഡിയോ പങ്കുവച്ചു. ദക്ഷിണ റെയിൽവേയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് വീഡിയോ പുറത്തുവന്നത്. എന്നാൽ സംഭവം വിവാദമായതോടെ റെയിൽവേ വീഡിയോ പിൻവലിച്ചു.

എറണാകുളത്ത് നടന്ന വന്ദേ ഭാരത് ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള പരിപാടിക്കിടെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക എക്സ് (X) പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പരിപാടികൾ നടക്കുന്നിടത്ത് ആർഎസ്എസിന് എന്ത് പങ്കാണുള്ളതെന്ന് ചോദ്യമുയരുന്നു. ഇന്ത്യയുടെ ഭരണ സംവിധാനങ്ങളെ മുഴുവൻ സംഘവൽക്കരിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ഇടപെടലായിട്ട് ഇതിനെ കാണേണ്ടി വരും എന്ന് വിലയിരുത്തപ്പെടുന്നു.
ഇന്ന് രാവിലെ എറണാകുളത്തു നിന്നും ബാംഗ്ലൂരുവിലേക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചപ്പോൾ കുട്ടികൾക്ക് പ്രത്യേകമായ യാത്ര സൗകര്യം നൽകിയിരുന്നു. ഈ യാത്രക്കിടെ കുട്ടികൾ ഗാനം ആലപിക്കുന്ന വീഡിയോ എടുത്താണ് ദക്ഷിണ റെയിൽവേയുടെ എക്സ് പേജിൽ അപ്ലോഡ് ചെയ്തിട്ടുള്ളത്. “പരമപവിത്രമതാമീ മണ്ണിൽ ഭാരതാമപയെ പൂജിക്കാൻ പുണ്യവാഹിനി സേനമേൽക്കും പൂങ്കാവനങ്ങളുണ്ടിവിടെ” എന്ന ആർഎസ്എസ് ഗണഗീതത്തിന്റെ വരികളാണ് കുട്ടികൾ പാടിയത്.

ആർഎസ്എസിന്റെ നയം റെയിൽവേയിൽ നടപ്പിലാക്കാൻ വേണ്ടി ശ്രമിക്കുന്നു എന്നതുമായി ബന്ധപ്പെട്ട് മുന്നേ തന്നെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ഒരു ഗവൺമെന്റ് പരിപാടിയിൽ ആർഎസ്എസിന്റെ ഗണഗീതം ആലപിക്കേണ്ട സാഹചര്യമില്ലെങ്കിലും, കൃത്യമായ ഒരു അജണ്ട നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തതെന്നാണ് വിമർശനം.

