കൊച്ചി: സിനിമാ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്ത് കേന്ദ്ര സർക്കാർ നൽകിവരുന്ന ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിന് (Mohanlal) ഗംഭീര സ്വീകരണം നൽകാനൊരുങ്ങി താരസംഘടനകൾ. ഫെഫ്ക, ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ, കേരള ഫിലിം ചേംബർ എന്നിവർ ചേർന്ന് ഗംഭീര സ്റ്റേജ് ഷോ ഒരുക്കിയാണ് മോഹൻലാലിനെ ആദരിക്കുക. രജനികാന്ത് മുഖ്യാതിഥിയാവുന്ന ചടങ്ങിലാവും ആദരം. നടൻ മമ്മൂട്ടിയും പങ്കെടുക്കുമെന്നാണ് വിവരം.

രജനികാന്തിനെ ക്ഷണിക്കാനായി, സംഘാടക സമിതി അംഗങ്ങൾ അദ്ദേഹം താമസിക്കുന്ന ചെന്നൈ നഗരത്തിൽ നേരിട്ടെത്തും എന്നാണ് വിവരം. ഡിസംബർ മാസത്തിൽ കൊച്ചിയിൽ വച്ചാകും പരിപാടി. ‘തിരനോട്ടം’ മുതൽ ‘തുടരും’ വരെയുള്ള സിനിമകളിലൂടെയുള്ള മോഹൻലാലിന്റെ ചലച്ചിത്ര പ്രയാണം കോർത്തിണക്കിയുള്ളതാവും പരിപാടിയുടെ അവതരണം.
ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ രജനികാന്ത്, അക്കിനേനി നാഗേശ്വര റാവു, രാജ്കുമാർ, ശിവാജി ഗണേശൻ തുടങ്ങിയ നടന്മാർക്ക് മാത്രമേ ഇതുവരെ അവാർഡ് ലഭിച്ചിട്ടുള്ളൂ. മലയാളത്തിൽ നിന്നും 2004ൽ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം നേടിയിരുന്നു. എങ്കിലും, ഫാൽക്കെ പുരസ്കാരം നേടുന്ന ആദ്യത്തെ മലയാള നടൻ മോഹൻലാലാണ്.

ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ചായിരുന്നു 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ്ദാന ചടങ്ങ്. പ്രസിഡന്റ് ദ്രൗപതി മുർമു മോഹൻലാലിന് ഫാൽക്കെ പുരസ്കാരം സമ്മാനിച്ചു.
അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഒമ്പത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ മോഹൻലാലിന് ലഭിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും കലാ-സാംസ്കാരിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലും അദ്ദേഹം പങ്കാളിയാണ്. അദ്ദേഹത്തിന്റെ നിലനിൽക്കുന്ന ജനപ്രീതി, പാൻ-ഇന്ത്യൻ ആകർഷണം, സിനിമയ്ക്കുള്ള സ്ഥിരമായ സംഭാവന എന്നിവ അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും ആദരണീയനും സ്വാധീനമുള്ളതുമായ നടന്മാരിൽ ഒരാളായി മാറ്റിക്കഴിഞ്ഞു.

