മലയാള സിനിമയെ ഇന്ന് ലോകം അറിയുന്നത് യുവ സംവിധായകരുടെ സിനിമകളിലൂടെയെന്ന് റസൂല്‍ പൂക്കുട്ടി. അടൂരും അരവിന്ദനും ഷാജി എന്‍ കരുണും ചെയ്ത സിനിമകളിലൂടെയല്ല മലയാള സിനിമയെ ഇന്ന് ലോകം അറിയുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

മലയാള സിനിമയെ അടിമുടി മാറ്റിയിരിക്കുകയാണ് ഇപ്പോഴത്തെ തലമുറയിലെ സംവിധായകര്‍. അടൂരും അരവിന്ദനും ഷാജി എന്‍ കരുണും ചെയ്ത സിനിമകളിലൂടെയല്ല ഇന്ന് ലോകം മലയാള സിനിമയെ അറിയുന്നത്. അത് ഇന്നത്തെ ചെറുപ്പക്കാരുടെ സിനിമകളിലൂടെയാണ്. അവരാണ് മലയാള സിനിമയെ പുതുക്കിയത്. തീര്‍ച്ചയായും ചലച്ചിത്ര അക്കാദമിയ്ക്കും സംസ്ഥാന സര്‍ക്കാരിനും സംസ്കാരിക അന്തരീക്ഷത്തിനും അതില്‍ പങ്കുണ്ട്. അറബ് രാജ്യങ്ങളില്‍ ജീവിക്കുന്ന ജനതയുടെ വലിയ സംഭവാനയും മറക്കാന്‍ പാടില്ല. അവരാണ് മലയാളത്തിലെ മുഖ്യധാര സിനിമകളുടെ 40-50 ശതമാനവും നിര്‍മിക്കുന്നത്. ചലച്ചിത്ര അക്കാദമയിലൂടെ അവര്‍ക്കായി എന്തെങ്കിലും ചെയ്യണം എന്നുണ്ട്. ദുബായിലേയും അബുദാബിയിലേയും മസ്കറ്റിലേയും മലയാളികള്‍ക്കായി ഐഎഫ്എഫ്കെ പോലെ എന്തെങ്കിലും എന്തുകൊണ്ട് ചിന്തിച്ചുകൂടാ? അദ്ദേഹം പറയുന്നു.
അതേസമയം മലയാള സിനിമയിലെ എഐ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. എഐയുടെ വളര്‍ച്ച അംഗീകരിച്ചേ മതിയാകൂവെന്നാണ് റസൂല്‍ പൂക്കുട്ടി പറയുന്നത്. എന്തുകൊണ്ടാണ് ഹിന്ദി സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. കോര്‍പ്പറേറ്റ് സംസ്കാരം ബോളിവുഡിനെ നശിപ്പിച്ചുവെന്നാണ് റസൂല്‍ പൂക്കുട്ടി പറയുന്നത്.

കാലത്തിന്റെ ആവശ്യമാണത്. നമ്മള് മാറിയില്ലെങ്കില്‍ നമ്മുടെ സിനിമള്‍ നിരസിക്കപ്പെടും. പുതിയ തലമുറയ്ക്ക് തങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് കാണാനുള്ളത് ഒരു ക്ലിക്ക് അകലത്തില്‍ ലഭ്യമാണ്. മലയാള സിനിമയുടെ സൗന്ദര്യം എന്തെന്നാല്‍ നമ്മള് ഇപ്പോഴും നമ്മളുടെ ആളുകളുടെ കഥകളാണ് പറയുന്നതെന്നതാണ്. നമ്മുടെ ശബ്ദമാണത്. ഹിന്ദി സിനിമ എന്താണ് ചെയ്തത്? അവരുടെ സിനിമകളില്‍ മധ്യവര്ഗ്ഗമില്ല. അതുകൊണ്ട് എന്ത് സംഭവിച്ചു? അവരുടെ സിനിമകള്‍ തള്ളിപ്പോയി. കോര്‍പ്പറേറ്റുകള്‍ വന്ന് ഹിന്ദി സിനിമയെ തകര്‍ത്തു. മലയാളത്തില്‍ അതല്ല സ്ഥിതി” അദ്ദേഹം പറയുന്നു.

