കുറിച്ചി : ചെറു മഴയത്തു പോലും വെള്ളപ്പൊക്കം ഉണ്ടായിക്കൊണ്ടിരുന്ന കുറിച്ചി ഗ്രാമപഞ്ചായത്തിലെ ചേലാറ നഗറിലെ ജനങ്ങൾക്ക് ഇനി ശാപമോക്ഷം.

മഴക്കാലം ആകുമ്പോൾ ചേലാറ നഗറിലെ നിവാസികൾക്ക് ഉണ്ടാക്കുന്ന വെള്ളപ്പൊക്ക ഭീതിയാണ് അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ഒഴിവാക്കി നൽകിയിരിക്കുന്നത്. കുറിച്ചി പാത്താമുട്ടം റോഡിൽ യുവരശ്മി ലൈബ്രറിക്ക് സമീപമുള്ള തോടിലെ ചെറുതും കാലപ്പഴക്കം വന്നതുമായ കലുങ്ക് മഴക്കാലത്ത് മാലിന്യം വന്ന് കൂടി അടയുകയും അതുവഴി ഈ തോടിന് സമീപമുള്ള ചേലാറ നഗറിൽ വെള്ളപ്പൊക്കം ഉണ്ടാവുകയും ആണ് ചെയ്തുകൊണ്ടിരുന്നത്.
ഈ പ്രശ്നം മനസ്സിലാക്കിയാണ് എംഎൽഎ മേൽപ്പറഞ്ഞ കലുങ്ക് പൊളിച്ചു പകരം പുതിയ വലിയ കലുങ്ക് നിർമ്മിച്ചു പ്രശ്ന പരിഹാരം ഉണ്ടാക്കിയിരിക്കുന്നത്. 25 ലക്ഷം രൂപ മുടക്കി ഓടയും സമീപനപാതയും ദിശാസൂചികകളും കലങ്ങും മറ്റ് അനുബന്ധ സംവിധാനങ്ങളുമാണ് നിർമ്മിച്ച നൽകിയത്.

അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കുറിച്ചി പഞ്ചായത്ത് പ്രസിഡൻറ് സുജാത സുശീലൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രൊഫ. ടോമിച്ചൻ ജോസഫ് , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ആർ ഷാജി, വാർഡ് മെമ്പർമാരായ പ്രശാന്ത് മനന്താനം, ഷീന മോൾ , ശാലിനി, ഫാ. ടിജോ, അഗസ്റ്റിൻ,വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ജനപ്രതിനിധികൾ , പ്രദേശവാസികൾ തുടങ്ങിയവർ സംബന്ധിച്ചു.

